കാൻബറ: ഓസ്ട്രേലിയയിലെ തീവ്ര വലതുപക്ഷ പാർട്ടിയായ ‘വൺ നേഷൻ’ പാർട്ടി നേതാവ് പോളിൻ ഹാൻസന് പിന്തുണയുമായി ഇന്തൊനീഷ്യ കേന്ദ്രീകരിച്ച് നൂറുകണക്കിന് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ പ്രവർത്തിക്കുന്നുണ്ടെന്ന റിപ്പോർട്ടുകളെ ‘സ്ഫോടനാത്മകമായ കണ്ടെത്തൽ’ എന്ന് വിശേഷിപ്പിച്ച് വിദേശകാര്യമന്ത്രി പെനി വോങ്. ഓസ്ട്രേലിയൻ ടെലിവിഷൻ പരിപാടിയായ ‘എ കറന്റ് അഫയർ’ നടത്തിയ അന്വേഷണത്തിലാണ് വിദേശത്തുനിന്നുള്ള ഈ വൻ അക്കൗണ്ട് ശൃംഖലയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. ഓസ്ട്രേലിയൻ രാഷ്ട്രീയത്തിൽ ഇന്തൊനീഷ്യയിലെ പണം പറ്റി പ്രവർത്തിക്കുന്ന ഓൺലൈൻ പ്രചാരകർ (പ്രാദേശികമായി ‘ബസ്സേഴ്സ്’ എന്ന് വിളിക്കപ്പെടുന്നവർ) ഇടപെടുന്ന ആദ്യത്തെ സംഭവമായിരിക്കാം ഇതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
എന്നാൽ, ഈ ഫേസ്ബുക്ക് പോസ്റ്റുകളുമായി തങ്ങൾക്ക് യാതൊരുവിധ ബന്ധവുമില്ലെന്ന് വൺ നേഷൻ പാർട്ടി ഔദ്യോഗികമായി പ്രതികരിച്ചു. ഓസ്ട്രേലിയൻ രാഷ്ട്രീയത്തിൽ വിദേശശക്തികൾ മനഃപൂർവം നടത്തുന്ന ഇടപെടലിന്റെ ഭാഗമാണിതെന്ന് പാർട്ടി കുറ്റപ്പെടുത്തി. ഈ വ്യാജ അക്കൗണ്ടുകളെക്കുറിച്ച് തങ്ങൾ ഫേസ്ബു ക്കിന്റെ മാതൃകമ്പനിയായ മെറ്റയ്ക്ക് പരാതി നൽകിയിട്ടുണ്ടെന്നും എന്നാൽ കമ്പനി ഇതിനോട് എങ്ങനെയാണ് പ്രതികരിച്ചതെന്ന് വ്യക്തമല്ലെന്നും പോളിൻ ഹാൻസൻ പറഞ്ഞു.
അതേസമയം, ഈ സൈബർ പ്രചാരണത്തിന് പിന്നിൽ ഏതെങ്കിലും വിദേശ ഗവൺമെന്റുകളുടെ നേരിട്ടുള്ള പങ്കാളിത്തമുള്ളതായി നിലവിൽ തെളിവുകളൊന്നുമില്ലെന്ന് ഓസ്ട്രേലിയൻ വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കിയതായി റിപ്പോർട്ടുകളുണ്ട്. വിഷയത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാവുകയാണ്.

