യൂബർ യാത്രക്കാർക്ക് ഇനി ക്യാഷ് പേയ്‌മെന്റ് സൗകര്യവും; ജൂലൈ 16 മുതൽ പ്രാബല്യത്തിൽ, ക്വീൻസ്‌ലാൻഡിന് ഇളവ്

സിഡ്നി: ഓസ്ട്രേലിയയിലെ യൂബർ യാത്രക്കാർക്ക് തങ്ങളുടെ യാത്രകൾക്ക് ഇനി നേരിട്ട് പണമായി (Cash) പേയ്‌മെന്റ് നടത്താം. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ജൂലൈ 16 മുതൽ രാജ്യത്ത് ഈ പുതിയ സേവനം ലഭ്യമാകുമെന്ന് യൂബർ ഓസ്ട്രേലിയ ഔദ്യോഗികമായി അറിയിച്ചു. ഡിജിറ്റൽ പേയ്‌മെന്റ് ഉപയോഗിക്കാൻ ബുദ്ധിമുട്ടുള്ളവർക്കും, കൃത്യമായ ബജറ്റ് പ്ലാൻ ചെയ്ത് യാത്ര ചെയ്യുന്നവർക്കും, വിദേശത്തുനിന്നുള്ള സന്ദർശകർക്കും ഈ തീരുമാനം വലിയ ആശ്വാസമാകും.

വരുന്ന ജൂലൈ 16 മുതൽ ക്വീൻസ്‌ലാൻഡ് ഒഴികെയുള്ള ഓസ്ട്രേലിയയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും യൂബറിൽ ക്യാഷ് നൽകി യാത്ര ചെയ്യാൻ സാധിക്കും. ഡിജിറ്റൽ സംവിധാനങ്ങൾക്കൊപ്പം ആളുകളുടെ യഥാർത്ഥ ജീവിതരീതിക്ക് അനുയോജ്യമായ ഓപ്ഷനുകൾ നൽകാനാണ് ഈ മാറ്റം കൊണ്ടുവരുന്നതെന്ന് യൂബർ ഓസ്ട്രേലിയ ആൻഡ് ന്യൂസിലാൻഡ് മാനേജിങ് ഡയറക്ടർ എമ്മ ഫോളി വ്യക്തമാക്കി. റിസർവ് ബാങ്ക് ഓഫ് ഓസ്ട്രേലിയയുടെ (RBA) പുതിയ കണക്കുകൾ പ്രകാരം, രാജ്യത്തെ പകുതിയോളം പേരും ഇപ്പോഴും ആഴ്ചയിൽ ഒരിക്കലെങ്കിലും ക്യാഷ് ഉപയോഗിക്കുന്നവരാണ്. ടാസ്മാനിയയിലെ ലൗൺസെസ്റ്റണിലും, പശ്ചിമ ഓസ്ട്രേലിയയിലെ ബൺബറിയിലും നടത്തിയ പൈലറ്റ് പ്രോജക്ടുകളുടെ മികച്ച വിജയത്തിന് ശേഷമാണ് രാജ്യവ്യാപകമായി ഈ സൗകര്യം വ്യാപിപ്പിക്കുന്നത്.

പ്രവർത്തന രീതിയും പ്രത്യേകതകളും:

ക്യാഷ് നൽകിയുള്ള യാത്രകൾ പരമാവധി സുഗമമാക്കാൻ യൂബർ നിരവധി സൗകര്യങ്ങൾ ആപ്പിൽ ഒരുക്കിയിട്ടുണ്ട്:

മുൻകൂർ വില അറിയാം (Upfront Pricing): യാത്ര ബുക്ക് ചെയ്യുമ്പോൾ തന്നെ എത്ര രൂപ നൽകണമെന്ന് ആപ്പിൽ കാണാൻ സാധിക്കും. അതിനാൽ കൃത്യമായ തുക കയ്യിൽ കരുതാവുന്നതാണ്.

യൂബർ ക്യാഷ് ക്രെഡിറ്റ്: ഡ്രൈവറുടെ പക്കൽ ബാക്കി നൽകാൻ ചില്ലറ ഇല്ലെങ്കിൽ, നൽകാനുള്ള ബാക്കി തുക യാത്രക്കാരന്റെ ആപ്പിലേക്ക് യൂബർ ക്യാഷ് ക്രെഡിറ്റായി (Uber Cash) എത്തും. ഇത് അടുത്ത യൂബർ യാത്രകൾക്കോ യൂബർ ഈറ്റ്‌സിനോ (Uber Eats) ഉപയോഗിക്കാം.

പേയ്‌മെന്റ് രീതി മാറ്റാം: യാത്രക്കിടയിൽ കയ്യിൽ മതിയായ ക്യാഷ് ഇല്ലെന്ന് മനസ്സിലായാൽ, ആപ്പിലൂടെ ബാങ്ക് കാർഡിലേക്കോ മറ്റ് ഡിജിറ്റൽ പേയ്‌മെന്റിലേക്കോ എളുപ്പത്തിൽ മാറാൻ സാധിക്കും.

സുരക്ഷാ സംവിധാനങ്ങൾ: മുൻപത്തെപ്പോലെ തന്നെ GPS ട്രാക്കിങ്, 24/7 സപ്പോർട്ട്, ഓഡിയോ റെക്കോർഡിങ് തുടങ്ങിയ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ഈ യാത്രകളിലും ഉറപ്പാക്കും.

പുതിയ സൗകര്യം മിക്ക സേവനങ്ങൾക്കും ലഭ്യമാകുമെങ്കിലും, ചില പ്രത്യേക യാത്രകളിൽ ക്യാഷ് നൽകാൻ സാധിക്കില്ല. ഇന്റർസിറ്റി (Intercity), യൂബർ പൂൾ (Uber Pool), കൊറിയർ (Courier), യൂബർ ഫോർ ടീൻസ് (Uber for Teens) എന്നീ യാത്രകൾക്ക് ഡിജിറ്റൽ പേയ്‌മെന്റ് തന്നെ തുടരണം. കൂടാതെ, സിഡ്‌നി കിങ്‌സ്‌ഫോർഡ് സ്മിത്ത്, മെൽബൺ എയർപോർട്ടുകളിലെ ചില UberX PIN ട്രിപ്പുകളിലും (T1, T2 ടെർമിനലുകൾ) ക്യാഷ് പേയ്‌മെന്റ് അനുവദിക്കില്ല. ക്യാഷ് സ്വീകരിക്കണോ വേണ്ടയോ എന്ന് ഡ്രൈവർമാർക്ക് സ്വന്തമായി തീരുമാനിക്കാനുള്ള അവസരവും (Opt-out) ആപ്പിൽ നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *