ബോസ്റ്റൺ: ഫ്രാൻസിനെതിരായ ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനലിന് മുന്നോടിയായി മൊറോക്കോയ്ക്ക് കനത്ത തിരിച്ചടി. ടീമിന്റെ പ്രധാന മുന്നേറ്റതാരമായ ഇസ്മായിൽ സായ്ബാരിക്ക് പരിക്കിനെ തുടർന്ന് മത്സരത്തിൽ കളിക്കാനാകില്ലെന്ന് പരിശീലകൻ മുഹമ്മദ് ഔഹ്ബി അറിയിച്ചു.
കാനഡയ്ക്കെതിരായ പ്രീക്വാർട്ടർ മത്സരത്തിനിടെ ഹാംസ്ട്രിങ്ങിന് പരിക്കേറ്റ സായ്ബാരിയെ 22-ാം മിനിറ്റിൽ തന്നെ പിൻവലിച്ചിരുന്നു. താരം മത്സരത്തിന് മുമ്പ് ഫിറ്റാകുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും അത് സാധ്യമായില്ല. എന്നാൽ ടൂർണമെന്റിൽ പിന്നീട് കളത്തിലിറങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും പരിശീലകൻ വ്യക്തമാക്കി.
ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളിലും ഗോൾ നേടിയ സായ്ബാരി, നെതർലൻഡ്സിനെതിരായ ഷൂട്ടൗട്ടിൽ നിർണായക പെനാൽറ്റിയും ലക്ഷ്യത്തിലെത്തിച്ചിരുന്നു. അദ്ദേഹത്തിന്റെ അഭാവം മൊറോക്കോയ്ക്ക് വലിയ നഷ്ടമായിരിക്കുമെന്നാണ് വിലയിരുത്തൽ.
അതേസമയം, ഫ്രാൻസിനെതിരെ പ്രത്യേക തന്ത്രങ്ങളൊന്നും പരീക്ഷിക്കില്ലെന്നും ടീമിന്റെ പതിവ് ശൈലിയിൽ തന്നെ കളിക്കുമെന്നും ഔഹ്ബി പറഞ്ഞു. പന്ത് കൈവശമുള്ളപ്പോൾ എതിരാളിയെ സമ്മർദത്തിലാക്കുകയും ലഭിക്കുന്ന അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്യുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

