ദോഹ: അമേരിക്കയും ഇറാനും തമ്മിലുള്ള പുതിയ സംഘർഷത്തിന്റെ പശ്ചാത്തലത്തിലും സമാധാനശ്രമങ്ങൾ തുടരുമെന്ന് ഖത്തർ അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം കുറയ്ക്കുന്നതിനും ചർച്ചകൾ പുനരാരംഭിക്കുന്നതിനുമായി ഖത്തർ മധ്യസ്ഥശ്രമങ്ങൾ തുടരുകയാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി.
സമീപകാല ആക്രമണങ്ങളെ തുടർന്ന് അമേരിക്കയും ഇറാനും പരസ്പരം കടുത്ത ആരോപണങ്ങളുന്നയിച്ചിട്ടുണ്ട്. സംഘർഷം കൂടുതൽ രൂക്ഷമാകാതിരിക്കാൻ എല്ലാ കക്ഷികളും സംയമനം പാലിക്കണമെന്നും പ്രശ്നപരിഹാരത്തിന് നയതന്ത്ര മാർഗങ്ങൾക്കാണ് മുൻഗണന നൽകേണ്ടതെന്നും ഖത്തർ ആവശ്യപ്പെട്ടു.
മേഖലയിൽ സ്ഥിരതയും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുമെന്നും സമാധാനചർച്ചകൾ മുന്നോട്ടുകൊണ്ടുപോകാൻ ബന്ധപ്പെട്ട രാജ്യങ്ങളുമായി ആശയവിനിമയം തുടരുകയാണെന്നും ഖത്തർ അറിയിച്ചു.

