വാഗമണ്ണിൽ സഫാരി ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് നാല് പേർക്ക് പരിക്ക്; ഡ്രൈവറുടെ നില ഗുരുതരം

വാഗമൺ: കോട്ടമലയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച സഫാരി ജീപ്പ് നിയന്ത്രണം വിട്ട് അറുപത് അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവർ ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു. തമിഴ്‌നാട്ടിലെ കോയമ്പത്തൂർ സ്വദേശികളായ വിനോദസഞ്ചാരികൾക്കും ജീപ്പ് ഡ്രൈവർക്കുമാണ് അപകടത്തിൽ പരിക്കേറ്റത്.

ജീപ്പ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് പെട്ടെന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും ബോധരഹിതനായി സ്റ്റിയറിംഗിലേക്ക് വീഴുകയുമായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്ന വിനോദസഞ്ചാരികൾ പറഞ്ഞു. ഇതോടെ പൂർണ്ണമായും നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡരികിലെ താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. വാഗമണ്ണിലെ റിസോർട്ടിൽ താമസിച്ചുവരികയായിരുന്ന തമിഴ്‌നാട് സ്വദേശികളായ സംഘം കൂവലേറ്റത്ത് നിന്നും കോട്ടമല ഭാഗത്തേക്ക് ട്രക്കിങ്ങിനായി പോകുമ്പോഴാണ് ഈ അപകടം സംഭവിച്ചത്.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജീപ്പ് ഡ്രൈവറും കോട്ടമല സ്വദേശിയുമായ രാജേഷിനെ ഉടൻതന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനത്തിലുണ്ടായിരുന്ന കോയമ്പത്തൂർ സ്വദേശികളായ ഗോപിനാഥ്, നിശാന്ത്, സെന്തിൽ എന്നിവരെ പാലായിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവിടെ രക്ഷാപ്രവർത്തനത്തിന് നാട്ടുകാരും മറ്റ് സഫാരി ഡ്രൈവർമാരും നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *