ബീജിങ്: ബ്രഹ്മപുത്ര നദിയിൽ ചൈന നിർമ്മിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് പദ്ധതി കടുത്ത പ്രകൃതിദത്ത ഭീഷണികൾ നേരിടുന്നതായി ചൈനീസ് ശാസ്ത്രജ്ഞരുടെ പുതിയ പഠന റിപ്പോർട്ട്. ചൈനീസ് ഗവൺമെന്റിന്റെ കീഴിലുള്ള ജിയോളജിക്കൽ സർവേയുടെ മേൽനോട്ടത്തിൽ ഒരുകൂട്ടം ഭൗമശാസ്ത്രജ്ഞർ നടത്തിയ പഠനത്തിലാണ് ഈ നിർണായക വിവരങ്ങളുള്ളത്. തിബറ്റിലെ മേഡോഗ് കൗണ്ടിയിലുള്ള ഈ മെഗാ ഡാം പ്രദേശം അതീവ അപകടകരമായ ഒരു ഭ്രംശരേഖയ്ക്ക് മുകളിലാണ് സ്ഥിതി ചെയ്യുന്നതെന്ന് പഠനം വ്യക്തമാക്കുന്നു. മഞ്ഞുമലയുഗം മുതൽ സജീവമായ ‘പൈഷെൻ ഫോൾട്ട്’ എന്ന ഭ്രംശരേഖ ഈ നിർമ്മാണ മേഖലയിലൂടെ കടന്നുപോകുന്നത് അണക്കെട്ടിന്റെ ഘടനയ്ക്കും സുരക്ഷയ്ക്കും വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ചൈനയിലെ ചെങ്ഡു യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലെ ഗവേഷകർ ഉൾപ്പെട്ട സംഘം തയ്യാറാക്കിയ ഈ റിപ്പോർട്ട് ബീജിംഗിലെ ഭരണകൂടത്തിന് വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്.
ഏകദേശം 167 ബില്യൺ ഡോളർ ചിലവിൽ ചൈന കഴിഞ്ഞ വർഷം നിർമ്മാണം ആരംഭിച്ച ഈ അണക്കെട്ട് നിലവിലുള്ള ത്രീ ഗോർജസ് ഡാമിനേക്കാൾ മൂന്നിരട്ടി ശേഷിയുള്ളതാണ്. എന്നാൽ പൈഷെൻ ഭ്രംശരേഖയുടെ സജീവമായ ചലനങ്ങൾ കാരണം ഈ പ്രദേശത്തെ പാറകളുടെ ഉറപ്പ് കുറയുകയും അവ എളുപ്പത്തിൽ തകരുന്ന അവസ്ഥയിലാകുകയും ചെയ്തിട്ടുണ്ടെന്ന് ചൈനീസ് ജേണലായ ‘സെഡിമെന്ററി ജിയോളജി’യിൽ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു. കൂടാതെ അണക്കെട്ടിനായി വെള്ളം സംഭരിക്കുന്നതോടെ ഇരുവശങ്ങളിലുമുള്ള ദുർബലമായ മലനിരകൾ ഇടിഞ്ഞു വീഴാൻ വലിയ സാധ്യതയുണ്ട്. ഹിമാലയൻ മേഖലയിൽ ഇന്ത്യൻ പ്ലേറ്റും യുറേഷ്യൻ പ്ലേറ്റും തമ്മിൽ നിരന്തരം കൂട്ടിമുട്ടുന്ന ഭാഗത്താണിത് സ്ഥിതി ചെയ്യുന്നത്. 2017-ൽ തിബറ്റിലെ മിലിനിൽ ഉണ്ടായ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഈ ഭ്രംശരേഖ ഇപ്പോഴും സജീവമാണെന്നതിന്റെ തെളിവാണെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു. വെള്ളം നിറയ്ക്കുന്നതോടെ വലിയ തോതിലുള്ള മണ്ണിടിച്ചിലിനും ഭൂകമ്പങ്ങൾക്കും ഇത് കാരണമായേക്കാം.
ചൈനയുടെ ഈ അണക്കെട്ട് പദ്ധതി താഴേത്തട്ടിലുള്ള ഇന്ത്യയ്ക്കും ബംഗ്ലാദേശിനും വലിയ സുരക്ഷാ ഭീഷണിയാകുമെന്ന് നേരത്തെ തന്നെ ആശങ്കയുണ്ടായിരുന്നു. അരുണാചൽ പ്രദേശ് അതിർത്തിയോട് ചേർന്നുള്ള ‘ഗ്രേറ്റ് ബെൻഡ്’ എന്ന വളവിലാണ് ഈ അണക്കെട്ട് വരുന്നത്. ഇത് ഒരു ‘ടൈം ബോംബ്’ പോലെയാണെന്ന് അരുണാചൽ മുഖ്യമന്ത്രി പെമ ഖണ്ഡു ഉൾപ്പെടെയുള്ളവർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇപ്പോൾ ചൈനീസ് ശാസ്ത്രജ്ഞർ തന്നെ അണക്കെട്ടിന്റെ അപകടാവസ്ഥ സ്ഥിരീകരിച്ചതോടെ ഇന്ത്യയുടെ ആശങ്കകൾക്ക് കൂടുതൽ ബലം കൈവന്നിരിക്കുകയാണ്. ഭൂകമ്പമോ മണ്ണിടിച്ചിലോ മൂലം അണക്കെട്ടിന് എന്തെങ്കിലും തകരാർ സംഭവിച്ചാൽ വൻതോതിൽ വെള്ളം ആസാമിലേക്കും ബംഗ്ലാദേശിലേക്കും ഒഴുകിയെത്തുകയും കോടിക്കണക്കിന് ആളുകളുടെ ജീവനും സ്വത്തിനും ഭീഷണിയാകുകയും ചെയ്യും. ഈ സാഹചര്യത്തിൽ നിർമ്മാണ ഘട്ടത്തിൽ കടുത്ത സുരക്ഷാ മുൻകരുതലുകൾ എടുക്കണമെന്ന് ശാസ്ത്രജ്ഞർ ചൈനീസ് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

