തിരുവനന്തപുരം: വരാനിരിക്കുന്ന മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലം കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കാൻ വിപുലമായ ഭരണ-സൗകര്യ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. ഈ വർഷം മുതൽ ശബരിമലയിൽ പൂർണ്ണമായ ഡിജിറ്റലൈസേഷൻ നടപ്പാക്കാനാണ് ബോർഡ് തീരുമാനിച്ചിരിക്കുന്നത്. അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഇനി മുതൽ അയ്യപ്പ സംഗമം ഉണ്ടാകില്ലെന്നും പ്രഖ്യാപിച്ചു.
തീർത്ഥാടകരുടെ താമസം സുഗമമാക്കുന്നതിനായി സന്നിധാനത്തെ 690 മുറികളിൽ വിശദമായ കണക്കെടുപ്പ് നടത്തിയ ശേഷം 550 മുറികൾ ഓൺലൈൻ വഴി ഭക്തർക്കായി ലഭ്യമാക്കും. മുൻപ് 190 മുറികൾ മാത്രമാണ് ഓൺലൈൻ വഴി നൽകിയിരുന്നത്. ഇനി മുതൽ എല്ലാ മുറികൾക്കും ഓൺലൈൻ ബുക്കിംഗ് നിർബന്ധ മാക്കും. ഇതിനായി നിലവിലുണ്ടായിരുന്ന ഡെപ്പോസിറ്റ് തുക ഒഴിവാക്കിയിട്ടുണ്ട്. ഭക്തർക്ക് മുറിവാടക മുൻകൂറായി നൽകി, 50 രൂപ സർവീസ് ചാർജ് ഈടാക്കി മുറികൾ ബുക്ക് ചെയ്യാം. സന്നിധാനത്ത് നിലവിൽ ഹൗസ് കീപ്പിംഗ് സംവിധാനമില്ലാത്തതിനാൽ ഈ സീസൺ മുതൽ അത് ഔട്ട്സോഴ്സ് ചെയ്യാനാണ് തീരുമാനം. കൂടാതെ ശബരി ഗസ്റ്റ് ഹൗസിൽ നിലവിലുള്ള 56 മുറികൾക്ക് പുറമെ ഹൈപ്പവർ കമ്മിറ്റിയുടെയും ഹൈക്കോട തിയുടെയും അനുമതിയോടെ 60 മുറികൾ കൂടി പുതുതായി നിർമ്മിക്കും. നവംബർ 1 മുതൽ 90 ദിവസത്തേക്ക് ദേവസ്വം ബോർഡ് ആസ്ഥാനത്ത് എ ഐ ക്യാമറകൾ ഉൾപ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങളോടെ പ്രത്യേക കൺട്രോൾ റൂം പ്രവർത്തിക്കുമെന്നും ദേവസ്വം പ്രസിഡൻറ് വ്യക്തമാക്കി.
തീർത്ഥാടന കാലത്തെ പ്രധാന വെല്ലുവിളിയായ തിരക്ക് നിയന്ത്രിക്കുന്നതിനായി എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ സന്നിധാനത്ത് ക്രൗഡ് കൺട്രോൾ റൂം സ്ഥാപിക്കും. ശബരിമലയിലെ ഏറ്റവും പ്രധാന വഴിപാടുകളിലൊന്നായ പടിപൂജയ്ക്ക് 2048 വരെ ബുക്കിംഗ് പൂർത്തിയായ സാഹചര്യത്തിൽ ഭക്തരുടെ കാത്തിരിപ്പ് കുറയ്ക്കാൻ തന്ത്രിയുടെ അനുമതിയോടെ ദിവസം ഒന്നിന് പകരം അഞ്ച് പടിപൂജകൾ വീതം നടത്താൻ ബോർഡ് തീരുമാനിച്ചിട്ടുണ്ട്. ഇതിനൊപ്പം തീർത്ഥാടന കാലയളവിൽ ക്യൂവിൽ കാത്തുനിൽക്കുന്ന സമയത്തിന്റെ ഗുണനിലവാരം ഉയർത്താനും നടപടിയുണ്ടാകും.
തീർത്ഥാടനത്തിനിടെ മരണപ്പെട്ട 54 പേരുടെ കുടുംബങ്ങൾക്ക് 1 ലക്ഷം രൂപ വീതം ഇൻഷുറൻസ് സഹായം നൽകും. വെർച്വൽ ക്യൂ ടിക്കറ്റിനൊപ്പം ഈടാക്കുന്ന 5 രൂപ ഫണ്ടിൽ നിന്നാണ് ഈ തുക കണ്ടെത്തുന്നത്. ഈ സീസൺ മുതൽ ഇൻഷുറൻസിനായി എൽഐസിയുമായി ചർച്ചകൾ നടത്തും. കർക്കിടകമാസം കഴിയുന്നതോടെ സന്നിധാനവും പരിസരവും ഡീപ്പ് ക്ലീനിംഗ് നടത്തുന്നതിനായി ക്ലീൻ കേരള കമ്പനിയുമായി കരാറിലേർപ്പെടും. അന്നദാനത്തിന് വ്യക്തിഗത സ്പോൺസർഷിപ്പ് സ്വീകരിക്കില്ലെന്നും മാന്യമായ രീതിയിൽ ഭക്തർക്ക് കേരള സദ്യ നൽകുമെന്നും ജയകുമാർ വ്യക്തമാക്കി.
ശബരിമലയിലെ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വാസ്തുവിദ്യാ ഗുരുകുലത്തെ ഔദ്യോഗിക കൺസൾട്ടന്റാക്കും. ഇടത്താവളങ്ങളിലെ സൗകര്യങ്ങൾ കുറ്റമറ്റതാക്കാൻ ടെക്നിക്കൽ ക്വാളിറ്റി എൻജിനീയറിംഗ് ടീമിനെ നിയോഗിക്കും. സന്നിധാനത്ത് പുതിയ തീർത്ഥക്കുളം നിർമ്മിക്കാനും പദ്ധതിയുണ്ട്.

