13-കാരിയുടെ മരണം അസ്വാഭാവികം; വിക്ടോറിയയിൽ 16-കാരൻ പോലീസ് പിടിയിൽ

ഡോണൾഡ് (വിക്ടോറിയ): കാണാതായ 13-കാരി ലെയ്‌ല ജെഫറിയുടെ മൃതദേഹം വിക്ടോറിയയിലെ കാട്ടുപ്രദേശത്ത് കണ്ടെത്തിയ സംഭവത്തിൽ 16-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ജൂലൈ 5-നാണ് പെൺകുട്ടിയെ കാണാതായത്. തുടർന്ന് വിക്ടോറിയ പോലീസും പ്രത്യേക അന്വേഷണ സംഘവും ചേർന്ന് കാട്ടുപ്രദേശങ്ങളിൽ ഉൾപ്പെടെ വലിയ തോതിലുള്ള തിരച്ചിൽ നടത്തിവരികയായിരുന്നു. വ്യാഴാഴ്ച വൈകു ന്നേരത്തോടെയാണ് ഡോണൾഡിലെ കാട്ടുപ്രദേശത്തുനിന്ന് ലെയ്‌ലയുടെ മൃതദേഹം കണ്ടെത്തുന്നത്. ലെയ്‌ല യുടെ മരണത്തെ അസ്വാഭാവികമായാണ് പോലീസ് കണക്കാക്കുന്നത്. അന്വേഷണത്തിൽ ലെയ്‌ലയുടെ കുടുംബത്തിന് യാതൊരുവിധ പങ്കുമില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

അന്വേഷണത്തിന്റെ ഭാഗമായി വെള്ളിയാഴ്ച രാവിലെ ഡോണൾഡിലെ ഒരു വീട്ടിൽ പോലീസ് റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വെള്ളിയാഴ്ച വൈകുന്നേരത്തോടെ സ്വാൻ ഹിൽ മേഖലയിൽ നിന്ന് 16-കാരനെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ പോലീസ് ചോദ്യം ചെയ്തുവരികയാണെന്നും, ലെയ്‌ലയും പ്രതിയും പോലീസിന് മുൻപരിചയമുള്ളവരായിരുന്നുവെന്നും ഡിറ്റക്ടീവ് ഇൻസ്പെക്ടർ ഡേവ് ഡൺസ്റ്റൺ അറിയിച്ചു. ഇവർക്ക് പുറമെ 53-ഉം 55-ഉം വയസ്സുള്ള രണ്ട് സ്ത്രീകളെയും അന്വേഷണത്തിൽ സഹായിക്കുന്ന തിനായി പോലീസ് വിളിപ്പിച്ചിട്ടുണ്ടെങ്കിലും ഇവരെ നിലവിൽ അറസ്റ്റ് ചെയ്തിട്ടില്ല. ലെയ്‌ലയെ വ്യക്തിപരമായി അറിയാവുന്ന കൗൺസിലർ ഷാർമെയ്ൻ ഡെലാനി, ലെയ്‌ലയെ സ്നേഹവതിയായ ഒരു പെൺകുട്ടിയായി ഓർക്കുന്നുവെന്നും ചെറിയൊരു നഗരത്തിൽ ഇത്തരമൊരു സംഭവം നടന്നത് വിശ്വസിക്കാനാവുന്നില്ലെന്നും പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *