മെൽബൺ: ഇന്ത്യൻ സിനിമാ ലോകത്തെയും ഓസ്‌ട്രേലിയൻ സിനിമാ രംഗത്തെയും പ്രമുഖർ ഒന്നിക്കുന്ന ഏറ്റവും പുതിയ വൻകിട ചലച്ചിത്ര സംരംഭം ‘സിൽക്യാര 41’ (SILKYARA 41) ഔദ്യോഗികമായി പ്രഖ്യാപിച്ചു. ആമിർ ഖാൻ പ്രൊഡക്ഷൻസ്, മൈൻഡ് ബ്ലോയിംഗ് ഫിലിംസ്, കബീർ ഖാൻ ഫിലിംസ് എന്നിവർ സംയുക്തമായാണ് ഈ ചിത്രം നിർമ്മിക്കുന്നത്. പ്രശസ്ത സംവിധായകൻ കബീർ ഖാൻ ആണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം സംവിധാനം ചെയ്യുന്നത്.
2023-ൽ ലോകത്തെ മുഴുവൻ മുനമ്പിൽ നിർത്തിയ ഉത്തരാഖണ്ഡിലെ സിൽക്യാര ടണൽ അപകടവും, 17 ദിവസത്തെ കഠിനപ്രയത്നത്തിനൊടുവിൽ 41 നിർമ്മാണ തൊഴിലാളികളെ അത്ഭുതകരമായി രക്ഷപ്പെടു ത്തിയതുമായ യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഈ സങ്കീർണ്ണമായ രക്ഷാപ്രവർത്തനത്തിൽ നിർണ്ണായക പങ്കുവഹിച്ച അന്താരാഷ്ട്ര ടണലിംഗ് വിദഗ്ദ്ധനും ഓസ്‌ട്രേലിയൻ സ്വദേശിയുമായ പ്രൊഫസർ അർനോൾഡ് ഡിക്സിന്റെ പോരാട്ടവീര്യമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. ഓസ്‌ട്രേലിയൻ എഴുത്തുകാരൻ ആൻഡ്രൂ അനസ്റ്റാസിയോസ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള സാംസ്കാരിക-സിനിമാ ബന്ധങ്ങളിലെ പുതിയൊരു നാഴികക്കല്ലായാണ് ഈ ചിത്രം വിലയിരുത്തപ്പെടുന്നത്. മനുഷ്യന്റെ അതിജീവനവും, അസാധ്യമായതിനെ സാധ്യമാക്കിയ അന്താരാഷ്ട്ര കൂട്ടായ്മയുടെ കരുത്തും ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അസാധ്യമായ പ്രതിസന്ധികൾക്ക് മുന്നിൽ മനുഷ്യൻ കാണിച്ച ധീരതയുടെയും ഐക്യത്തി ന്റെയും കഥ എന്നെ ഏറെ ആകർഷിച്ചുവെന്നും ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ ഇതൊരു ചരിത്ര നിമിഷമാണെന്നും ചിത്രത്തെക്കുറിച്ച് ആമിർ ഖാൻ പ്രതികരിച്ചു.
മെൽബൺ ആസ്ഥാനമായുള്ള പ്രൊഡക്ഷൻ ഹൗസ് ‘മൈൻഡ് ബ്ലോയിംഗ് ഫിലിംസ്’ മേധാവി മിതു ഭൗമിക് ലാംഗെ, ആമിർ ഖാൻ പ്രൊഡക്ഷൻസ് സി.ഇ.ഓ അപർണ പുരോഹിത് തുടങ്ങിയവരും ചിത്രത്തിന്റെ അണി യറയിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട്. ഈ ഇൻഡോ-ഓസ്‌ട്രേലിയൻ സംയുക്ത സംരംഭത്തിന്റെ ചിത്രീകരണം ഉടൻ തന്നെ ആരംഭിക്കുമെന്നാണ് അണിയറപ്രവർത്തകർ വ്യക്തമാക്കുന്നത്.

