ബ്രിസ്ബേൻ വിമാനത്താവളത്തിൽ പുതിയ ഫ്ലൈറ്റ് പാതകൾ; 1.4 ലക്ഷം പേർക്ക് വിമാനശബ്ദത്തിൽ നിന്ന് ആശ്വാസം

ബ്രിസ്ബേൻ: ഓസ്‌ട്രേലിയയിലെ ബ്രിസ്ബേൻ വിമാനത്താവളത്തിലെ ഫ്ലൈറ്റ് പാതകളിൽ വരുത്തിയ പുതിയ മാറ്റങ്ങളോടെ ഏകദേശം 1.4 ലക്ഷം താമസക്കാർക്ക് വിമാനശബ്ദ ശല്യം കുറയുമെന്ന് അധികൃതർ അറിയിച്ചു. എയർസർവീസസ് ഓസ്‌ട്രേലിയ പ്രഖ്യാപിച്ച പുതിയ പദ്ധതി പ്രകാരം റെഡ്ക്ലിഫ്, തെക്കൻ മൊർട്ടൺ ബേ, ബ്രിബി ഐലൻഡ്, ലോഗൻ എന്നിവിടങ്ങളിലെ ജനങ്ങൾക്കാണ് പ്രധാനമായും ഇതിന്റെ ഗുണം ലഭിക്കുക. എന്നാൽ ബുലിംബ മേഖലയിലെ ഫ്ലൈറ്റ് പാതകളിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.

2020-ൽ വിമാനത്താവളത്തിൽ രണ്ടാമത്തെ റൺവേ പ്രവർത്തനം ആരംഭിച്ചതിനെ തുടർന്ന് വലിയ രീതിയിൽ ഉയർന്ന ശബ്ദപരാതികൾക്ക് പരിഹാരമായാണ് ഇപ്പോൾ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. പുതിയ മാറ്റങ്ങളിൽ ചിലത് ഇതിനകം തന്നെ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ബാക്കിയുള്ളവ സിവിൽ ഏവിയേഷൻ സേഫ്റ്റി അതോറിറ്റിയുടെ അനുമതി ലഭിച്ച ശേഷം അടുത്ത വർഷത്തോടെ നടപ്പിലാക്കും.

പുതിയ പദ്ധതിയെ ഒരു വിഭാഗം ജനങ്ങൾ സ്വാഗതം ചെയ്തപ്പോൾ, ഇത് വിമാനത്താവളത്തിന്റെ പ്രവർത്തന ശേഷി വർധിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന വിമർശനവുമായി ചില പ്രാദേശിക സമൂഹ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, 2032-ൽ നടക്കാനിരിക്കുന്ന ബ്രിസ്ബേൻ ഒളിമ്പിക്സിന് മുന്നോടിയായി ഫ്ലൈറ്റ് പാതകളിൽ ഇനി കൂടുതൽ മാറ്റങ്ങൾ ഉണ്ടാകില്ലെന്ന് എയർസർവീസസ് ഓസ്‌ട്രേലിയ വ്യക്തമാക്കിക്കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *