അബുദാബി: ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ച യുഎഇയുടെ രണ്ട് എണ്ണടാങ്കറുകൾക്ക് നേരെ ഇറാൻ ക്രൂയിസ് മിസൈൽ ആക്രമണം നടത്തിയതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിൽ ഒരു ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ നാലുപേരുടെ നില ഗുരുതരമാണ്.
ഒമാൻ സമുദ്രപരിധിയിലെ ഹോർമുസ് കടലിടുക്കിന്റെ തെക്കൻ കപ്പൽപ്പാതയിലൂടെ സഞ്ചരിക്കുകയായിരുന്ന മൊംബാസയും അൽ ബഹിയയുമെന്ന ടാങ്കറുകളാണ് ആക്രമിക്കപ്പെട്ടത്. മിസൈൽ പ്രഹരത്തെ തുടർന്ന് ഇരുകപ്പലുകളിലും തീപിടിത്തമുണ്ടായെങ്കിലും പിന്നീട് അത് നിയന്ത്രണവിധേയമാക്കിയതായി യുഎഇ അറിയിച്ചു.
ആക്രമണത്തെ അന്താരാഷ്ട്ര നിയമത്തിന്റെ ഗുരുതര ലംഘനമായി യുഎഇ അപലപിച്ചു. രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാനുള്ള അവകാശം യുഎഇക്കുണ്ടെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. അതേസമയം, മുന്നറിയിപ്പുകൾ അവഗണിച്ച കപ്പലുകളെയാണ് ലക്ഷ്യമിട്ടതെന്നാണ് ഇറാന്റെ അവകാശവാദം.

