മെൽബൺ: രാജ്യത്തെ ജനനനിരക്ക് എക്കാലത്തെയും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തുന്ന സാഹചര്യത്തിൽ, കുടിയേറ്റം വൻതോതിൽ വെട്ടിച്ചുറയ്ക്കാൻ ഓസ്ട്രേലിയക്ക് കഴിയില്ലെന്ന് ജനസംഖ്യാപരമായ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. ഓസ്ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ജൂണിൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം, രാജ്യത്തെ ദേശീയ ഫെർട്ടിലിറ്റി നിരക്ക് ഒരു സ്ത്രീക്ക് 1.48 ജനനങ്ങൾ എന്ന നിലയിലേക്ക് താഴ്ന്നു.ഇത് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണെന്നുമാത്രമല്ല, 2008-ലെ ഉയർന്ന നിരക്കിനേക്കാൾ 25 ശതമാനം കുറവുമാണ്. കുടിയേറ്റത്തിന്റെ സഹായമില്ലാതെ ജനസംഖ്യ നിലനിർത്താൻ ഒരു സ്ത്രീക്ക് 2.1 ജനനങ്ങൾ വേണമെന്നിരിക്കെയാണ് ഈ പുതിയ പ്രതിസന്ധി.
വർദ്ധിച്ചുവരുന്ന ഭവനച്ചെലവ്, ജീവിതച്ചെലവ് സമ്മർദ്ദങ്ങൾ, വൈകുന്ന കുടുംബജീവിതം, മാറിവരുന്ന സാമൂഹിക മനോഭാവം എന്നിവയാണ് ജനനനിരക്ക് കുറയാൻ പ്രധാന കാരണങ്ങളെന്ന് മെൽബൺ ഇൻസ്റ്റിറ്റ്യൂട്ട് ഡെപ്യൂട്ടി ഡയറക്ടറും ഹിൽഡ സർവേ കോ-ഡയറക്ടറുമായ പ്രൊഫസർ റോജർ വിൽക്കിൻസ് ചൂണ്ടിക്കാട്ടുന്നു. ദീർഘകാലാടിസ്ഥാനത്തിൽ ഓസ്ട്രേലിയയുടെ സാമ്പത്തിക താല്പര്യങ്ങൾ സംരക്ഷിക്കാൻ മികച്ചൊരു കുടിയേറ്റ പദ്ധതി നിലനിർത്തേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. മുൻപുണ്ടായിരുന്ന ‘ബേബി ബോണസ്’ പോലുള്ള വൻ തുകകൾ നേരിട്ട് നൽകുന്ന പദ്ധതികൾ കുട്ടികളുണ്ടാകാൻ ദമ്പതികളെ പ്രോത്സാഹിപ്പിക്കുന്നതിൽ ചൈൽഡ് കെയർ സബ്സിഡികളേക്കാൾ ഫലപ്രദമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുടിയേറ്റം കുറയ്ക്കുന്നത് തങ്ങളുടെ പ്രധാന തെരഞ്ഞെടുപ്പ് പ്രചാരണ ആയുധമാക്കിയ പോളിൻ ഹാൻസന്റെ വൺ നേഷൻ പാർട്ടിക്ക് വലിയ പിന്തുണ ലഭിക്കുന്നുണ്ടെങ്കിലും, കുടിയേറ്റം കുത്തനെ വെട്ടിക്കുറയ്ക്കണമെന്ന ആവശ്യങ്ങളെ പ്രധാനമന്ത്രി ആന്റണി അൽബാനീസ് തള്ളി. കഴിഞ്ഞ മാസം നാഷണൽ പ്രസ് ക്ലബ്ബിൽ നടത്തിയ പ്രസംഗത്തിൽ, ഓസ്ട്രേലിയ നേരിടുന്ന പല പ്രശ്നങ്ങൾക്കും കാരണം ‘കൂട്ടത്തോടെയുള്ള കുടിയേറ്റം’ ആണെന്ന് ഹാൻസൺ കുറ്റപ്പെടുത്തിയിരുന്നു.
എബിഎസ് (ABS) കണക്കുകൾ പ്രകാരം 2025-ൽ വിദേശത്തുനിന്നുള്ള അറ്റ കുടിയേറ്റം (Net overseas migration) 301,000 ആയി കുറഞ്ഞിട്ടുണ്ട്. ഇത് 2022-ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണെങ്കിലും സർക്കാരിന്റെ ദീർഘകാല ലക്ഷ്യമായ 225,000-ത്തിന് മുകളിലാണ്. 2025 ഡിസംബർ 31 വരെയുള്ള ഒരു വർഷത്തിൽ രാജ്യത്തെ ജനസംഖ്യ 412,500 ആയി ഉയർന്നപ്പോൾ, അതിന്റെ നാലിൽ മൂന്ന് ഭാഗവും വിദേശ കുടിയേറ്റം വഴിയായിരുന്നു. കുടിയേറ്റ നിരക്കുകൾ കുറഞ്ഞുവരികയാണെന്നും അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ ഇത് ലക്ഷ്യമിട്ട 225,000-ത്തിൽ എത്തിക്കുമെന്നും അൽബാനീസ് വ്യക്തമാക്കി.
കുടിയേറ്റം കൊണ്ടുമാത്രം പ്രായമാകുന്ന ജനസംഖ്യ സൃഷ്ടിക്കുന്ന സാമ്പത്തിക, തൊഴിൽപരമായ പ്രതിസന്ധികളെ പൂർണ്ണമായി മറികടക്കാൻ ഓസ്ട്രേലിയക്ക് കഴിയില്ലെന്ന് പ്രൊഫസർ വിൽക്കിൻസ് മുന്നറിയിപ്പ് നൽകുന്നു. ജോലി ചെയ്യാൻ പ്രാപ്തിയുള്ള പ്രായത്തിലുള്ളവരുടെ എണ്ണം ചുരുങ്ങുന്നത് രാജ്യത്തിന്റെ ജീവിതനിലവാരത്തെയും സാമ്പത്തിക വളർച്ചയെയും ബാധിക്കുകയും തൊഴിൽക്ഷാമം രൂക്ഷമാക്കുകയും ചെയ്യും.
ഇത്തരം പ്രതിസന്ധികൾ മറികടക്കാൻ സാങ്കേതികവിദ്യയുടെ സഹായം തേടാമെന്ന് ഫ്യൂച്ചറോളജിസ്റ്റ് റോക്കി സ്കോപെല്ലിറ്റി പറയുന്നു. പ്രായമേറുന്ന ജനസംഖ്യയെ പിന്തുണയ്ക്കാൻ ജപ്പാൻ ഇപ്പോൾ എഐ (AI) അധിഷ്ഠിത റോബോട്ടിക്സ് വികസിപ്പിക്കുന്നതിൽ വലിയ നിക്ഷേപമാണ് നടത്തുന്നത്. രോഗികളെ എഴുന്നേൽപ്പിക്കാനും, ഭക്ഷണം പാകം ചെയ്യാനും, വീട്ടുജോലികൾ ചെയ്യാനും ശേഷിയുള്ള ഹ്യൂമനോയിഡ് സിസ്റ്റങ്ങൾ ജപ്പാൻ പരീക്ഷിക്കുന്നുണ്ട്. ഓസ്ട്രേലിയ ജപ്പാനിലെ ഈ മാതൃകകളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളണമെന്നും എന്നാൽ അത് അന്ധമായി അനുകരിക്കരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

