ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓസ്‌ട്രേലിയൻ സന്ദർശന വേളയിലെ വിഖ്യാതമായ പ്രസംഗം അതിന്റെ എല്ലാ ഭാവങ്ങളോടും കൂടി പുനഃസൃഷ്ടിച്ച ഒരു ഓസ്‌ട്രേലിയൻ യുവാവാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. അവിശ്വസനീയമായ ലിപ്-സിങ്ക്, തന്മയത്വത്തോടെയുള്ള ആംഗ്യങ്ങൾ, കൃത്യമായ മുഖഭാവങ്ങൾ എന്നിവയിലൂടെ ദശലക്ഷക്കണക്കിന് ആളുകളെയാണ് ഈ വിദേശി അദ്ഭുതപ്പെടുത്തിയിരിക്കുന്നത്.
ഇൻസ്റ്റഗ്രാമിലൂടെയാണ് ജോ എന്ന ഓസ്ട്രേലിയൻ യുവാവ് ഈ വിഡിയോ പങ്കുവെച്ചത്. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഊഷ്മളമായ സാംസ്കാരിക സൗഹൃദത്തെക്കുറിച്ച് പ്രധാനമന്ത്രി മോദി നടത്തിയ ഒരു പ്രസംഗമാണ് യുവാവ് പുനഃസൃഷ്ടിച്ചത്. പ്രധാനമന്ത്രിയുടെ ആ വാക്കുകൾ ഇങ്ങനെയായിരുന്നു: ‘ദൂധ് ഓസ്‌ട്രേലിയ വാലാ ആതാ ഹേ, ലേക്കിൻ ചായ് ഭാരത് വാലി ബന്തി ഹേ. ദാൽ, സബ്‌സിയാൻ ഓസ്‌ട്രേലിയ കി ഹേ, ലേക്കിൻ ഉൻമേൻ തഡ്ക ദേശി മസലോം കാ ഹീ ലഗ്താ ഹേ’ (പാൽ ഓസ്‌ട്രേലിയയിൽ നിന്ന് വന്നേക്കാം, പക്ഷേ ചായ ഇന്ത്യൻ രീതിയിലാണ് ഉണ്ടാക്കുന്നത്. പരിപ്പും പച്ചക്കറികളും ഓസ്‌ട്രേലിയൻ ആയിരിക്കാം, പക്ഷേ അവയിൽ ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങള്‍ ചേർക്കുന്നു).
ഈ വാക്കുകൾ ഒപ്പിയെടുത്ത് പ്രധാനമന്ത്രിയുടെ അതേ ശബ്ദഗാംഭീര്യവും ശരീരഭാഷയും ഒരു തരിപോലും ചോർന്നുപോകാതെയാണ് യുവാവ് ക്യാമറയ്ക്ക് മുന്നിൽ പകർന്നാടിയത്. ‘മോദിജിക്ക് എന്നെക്കുറിച്ച് ഇത്രയധികം എങ്ങനെ അറിയാം?’, എന്ന രസകരമായ കുറിപ്പോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
വിഡിയോ നിമിഷനേരം കൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയത്. 13 ദശലക്ഷത്തിലധികം ആളുകൾ കണ്ട വിഡിയോയ്ക്ക് 7 ലക്ഷത്തിലധികം ലൈക്കുകളും 19,000-ത്തിലധികം കമന്റുകളുമാണ് ഇതിനകം ലഭിച്ചത്. ‘അതിശയകരമായ ലിപ് സിങ്ക്… മുഖവും ശരീരവും ഓസ്‌ട്രേലിയയിൽ നിന്നുള്ളതാണ്, പക്ഷേ ശബ്ദം ഇന്ത്യയിൽ നിന്നാണ്’, ‘ഇനി താമസിപ്പിക്കേണ്ട, ഒരു ഇന്ത്യൻ തിരിച്ചറിയൽ രേഖയ്ക്ക് അപേക്ഷിച്ചോളൂ’ എന്നിങ്ങനെയുള്ള രസകരവും ഹൃദ്യവുമായ കമന്റുകളാണ് വിഡിയോയ്ക്ക് താഴെ നിറയുന്നത്.
ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി ജൂലൈ 8 മുതൽ 10 വരെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓസ്‌ട്രേലിയൻ സന്ദർശനം.

