അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി ഇന്ത്യൻ വംശജനായ അനിൽ മേനോനും സംഘവും; എട്ടുമാസ ദൗത്യം ആരംഭിച്ചു

ന്യൂയോർക്ക്:ഇന്ത്യൻ വംശജനായ നാസ ബഹിരാകാശ സഞ്ചാരി ഡോ. അനിൽ മേനോൻ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) സുരക്ഷിതമായി എത്തി. റഷ്യയുടെ സൊയൂസ് എം.എസ്-29 പേടകത്തിൽ റഷ്യൻ കോസ്മോനോട്ടുകളായ പ്യോത്ര് ഡുബ്രോവും അന്ന കികിനയും ഒപ്പമാണ് അദ്ദേഹം കസാഖ്സ്ഥാനിലെ ബൈക്കണൂർ വിക്ഷേപണകേന്ദ്രത്തിൽ നിന്ന് യാത്രതിരിച്ചത്. ഏകദേശം മൂന്ന് മണിക്കൂർ നീണ്ട യാത്രയ്ക്കുശേഷം പേടകം ഐ.എസ്.എസിലെ പ്രിച്ചാൽ മോഡ്യൂളിൽ വിജയകരമായി ഡോക്ക് ചെയ്തു.

ഇത് അനിൽ മേനോന്റെ ആദ്യ ബഹിരാകാശ യാത്രയാണ്. എട്ടുമാസം നീളുന്ന ദൗത്യത്തിനിടെ അദ്ദേഹം ശാസ്ത്രീയ ഗവേഷണങ്ങളും സാങ്കേതിക പരീക്ഷണങ്ങളും നടത്തും. സെമികണ്ടക്ടർ ക്രിസ്റ്റലുകളുടെ ബഹിരാകാശ നിർമ്മാണം, കൃത്രിമബുദ്ധിയുടെ സഹായത്തോടെയുള്ള അൾട്രാസൗണ്ട് സാങ്കേതികവിദ്യ, ദീർഘകാല ബഹിരാകാശ യാത്ര മനുഷ്യശരീരത്തെ എങ്ങനെ ബാധിക്കുന്നു തുടങ്ങിയ വിഷയങ്ങളിലാണ് പ്രധാന പഠനങ്ങൾ.

കേരളത്തിലെ പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ കെ.പി. ശങ്കരൻ മേനോന്റെ മകനാണ് അനിൽ മേനോൻ. 2027 ഏപ്രിലിലാണ് ദൗത്യം പൂർത്തിയാക്കി സംഘം ഭൂമിയിലേക്ക് മടങ്ങിയെത്തുക.

Leave a Reply

Your email address will not be published. Required fields are marked *