വാഷിങ്ടൺ:അമേരിക്കൻ സൈനികരുടെയും കരാർ ജീവനക്കാരുടെയും സഞ്ചാരവിവരങ്ങൾ കണ്ടെത്താൻ ഇറാനുമായി ബന്ധപ്പെട്ട ഘടകങ്ങൾ മൊബൈൽ ഫോൺ റോമിങ് സംവിധാനവും സ്മാർട്ട്ഫോൺ പരസ്യ ഡാറ്റയും ഉപയോഗിച്ചെന്ന റിപ്പോർട്ട് പുറത്തുവന്നു. ഫിനാൻഷ്യൽ ടൈംസ് പുറത്തുവിട്ട അന്വേഷണ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ് ഈ വിവരം.
റിപ്പോർട്ട് പ്രകാരം, 2026ലെ ഇറാൻ-അമേരിക്ക സംഘർഷത്തിന് മുമ്പും യുദ്ധത്തിന്റെ ആദ്യഘട്ടത്തിലും പശ്ചിമേഷ്യയിലെ ടെലികോം ശൃംഖലകളെ ലക്ഷ്യമിട്ട് ഏകോപിത സൈബർ നിരീക്ഷണശ്രമങ്ങൾ നടന്നു. വിദേശരാജ്യങ്ങളിൽ റോമിങ് ഉപയോഗിക്കുന്ന മൊബൈൽ ഫോണുകളുടെ സ്ഥാനം കണ്ടെത്താൻ ഉപയോഗിക്കാവുന്ന SS7 (Signalling System No. 7) സാങ്കേതികവിദ്യയും വാണിജ്യാടിസ്ഥാനത്തിലുള്ള ലൊക്കേഷൻ ഡാറ്റയും ഇതിന് ഉപയോഗിച്ചെന്നാണ് സൈബർ സുരക്ഷാ വിദഗ്ധരുടെ വിലയിരുത്തൽ.
ഇറാനോ അതിന്റെ സഖ്യകക്ഷികളോ ഗൾഫ് മേഖലയിലെ ടെലികോം റോമിങ് കരാറുകൾ പ്രയോജനപ്പെടുത്തി അമേരിക്കൻ സൈനികരുടെ സ്ഥാനം കണ്ടെത്താൻ ശ്രമിച്ചെന്നാണ് ഗൾഫ് മേഖലയിലെ ചില ഉദ്യോഗസ്ഥരുടെ സംശയം. എന്നാൽ ഈ ആരോപണങ്ങളോട് ഇറാൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
സൈബർ സുരക്ഷാ വിദഗ്ധരുടെ അഭിപ്രായത്തിൽ, മൊബൈൽ ഫോണുകളുടെ ലൊക്കേഷൻ വിവരങ്ങൾ ലഭ്യമാക്കുന്ന ഇത്തരം സംവിധാനങ്ങൾ ദേശീയ സുരക്ഷയ്ക്ക് വലിയ വെല്ലുവിളിയാണ്. അമേരിക്കൻ നിയമനിർമാതാക്കളും സൈനികരുടെ ഡിജിറ്റൽ സുരക്ഷയിൽ നിലനിൽക്കുന്ന പോരായ്മകളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

