പെർത്ത്: ഓസ്ട്രേലിയൻ സാമ്പത്തിക മേഖലയെ ലക്ഷ്യമിട്ട് ദുബായിൽ നിന്ന് പെർത്ത് എയർപോർട്ടിൽ എത്തിയ യാത്രക്കാരനിൽ നിന്നും വൻ എടിഎം തട്ടിപ്പിനുള്ള ഉപകരണങ്ങൾ ഓസ്ട്രേലിയൻ ബോർഡർ ഫോഴ്സ് പിടികൂടി. ഈ മാസം 9-ന് ദുബായിൽ നിന്നും പെർത്തിൽ വന്നിറങ്ങിയ അമേരിക്കൻ പൗരനാണ് എയർപോർട്ടിലെ കർശന പരിശോധനകൾക്കിടെ പിടിയിലായത്. രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ ലഗേജ് സ്കാനിംഗിൽ, എക്സ്-റേ മെഷീനിൽ സംശയാസ്പദമായ വസ്തുക്കൾ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് ബോർഡർ ഫോഴ്സ് ഉദ്യോഗസ്ഥർ ലഗേജ് നേരിട്ട് പരിശോധിച്ചപ്പോഴാണ് ക്രഡിറ്റ് കാർഡുകളിലെയും ഡെബിറ്റ് കാർഡുകളിലെയും വിവരങ്ങൾ ചോർത്താൻ ഉപയോഗിക്കുന്ന നൂതന ക്രെഡിറ്റ് കാർഡ് സ്കിമ്മിങ് ഉപകരണങ്ങൾ കണ്ടെത്തിയത്.
കസ്റ്റഡിയിലായ യാത്രക്കാരന്റെ മൊബൈൽ ഫോൺ പരിശോധിച്ച ഉദ്യോഗസ്ഥർക്ക് വൻ ഗൂഢാലോചനയുടെ വിവരങ്ങളാണ് ലഭിച്ചത്. പെർത്ത്, സിഡ്നി എന്നീ പ്രധാന നഗരങ്ങളിലെ വിവിധ എടിഎമ്മുകളുടെ ചിത്രങ്ങൾ ഫോണിൽ നിന്നും കണ്ടെടുത്തു. കൂടാതെ, ഓസ്ട്രേലിയൻ എടിഎമ്മുകളിൽ കൃത്രിമം കാണിക്കുന്നതിനുള്ള മാർഗ്ഗരേഖകളും, സ്കിമ്മിങ് ഉപകരണങ്ങൾ ആരുമറിയാതെ എങ്ങനെ സ്ഥാപിക്കാം എന്നതിന്റെ കൃത്യമായ നിർദ്ദേശങ്ങളും ഇയാളുടെ പക്കലുണ്ടായിരുന്നു. ഓസ്ട്രേലിയൻ ഫെഡറൽ പോലീസ് ഈ ഫോൺ വിവരങ്ങൾ കൂടുതൽ അന്വേഷണങ്ങൾക്കായി ശേഖരിച്ചിട്ടുണ്ട്.
എബിഎഫ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഓസ്ട്രേലിയൻ ഫെഡറൽ പോലീസ് പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയും സ്കിമ്മിങ് ഉപകരണങ്ങൾ പൂർണ്ണമായും പിടിച്ചെടുക്കുകയും ചെയ്തു. നിരപരാധികളായ നിരവധി ഓസ്ട്രേലിയക്കാരുടെ സാമ്പത്തിക സുരക്ഷിതത്വം തകർക്കാൻ ലക്ഷ്യമിട്ടാണ് ഇയാൾ എത്തിയതെന്ന് എബിഎഫ് സൂപ്രണ്ട് ജോൺ എൽഡ്രിഡ്ജ് വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷ കണക്കിലെടുത്ത് പ്രതിയുടെ വിസ അടിയന്തരമായി റദ്ദാക്കുകയും ഇമിഗ്രേഷൻ ക്ലിയറൻസ് നിഷേധിക്കുകയും ചെയ്തു. നിലവിൽ ഇയാളെ ഓസ്ട്രേലിയയിൽ നിന്ന് പൂർണ്ണമായും നാടുകടത്തിയിട്ടുണ്ട്. പുതിയ വിസയ്ക്ക് അപേക്ഷിക്കുന്നതിൽ നിന്ന് മൂന്ന് വർഷത്തേക്ക് വിലക്കും ഇയാൾക്ക് ഏർപ്പെടുത്തി. ഇത്തരത്തിൽ അതിർത്തികളിൽ നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് വിവരങ്ങൾ നൽകാൻ പൊതുജനങ്ങൾ തയ്യാറാകണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

