പാലക്കാട്: ‘സ്നേഹിത പോലീസ് സ്റ്റേഷൻ എക്സ്റ്റൻഷൻ സെന്റർ’ പദ്ധതിയുടെ പ്രചരണം ജില്ലയിലെ മുഴുവൻ പോലീസ് സ്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാതല പോസ്റ്റർ പ്രകാശനം ജില്ലാ പോലീസ് മേധാവി എ. അബ്ദുൾ റാഷിദ് നിർവഹിച്ചു. കുടുംബശ്രീ ജില്ലാ മിഷനും പോലീസ് വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി സ്നേഹിതയുടെ സേവനങ്ങൾ വ്യക്തമാക്കുന്ന സ്റ്റിക്കറുകൾ ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും പതിപ്പിക്കും.
പോലീസ് സ്റ്റേഷനുകളിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവരിൽ മാനസിക പിന്തുണ ഉറപ്പാക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നിലവിൽ ജില്ലയിലെ അഞ്ച് ഡി.വൈ.എസ്.പി സബ് ഡിവിഷനുകൾ കേന്ദ്രീകരിച്ചാണ് സ്നേഹിത പോലീസ് സ്റ്റേഷൻ എക്സ്റ്റൻഷൻ സെന്ററുകൾ പ്രവർത്തിക്കുന്നത്. എല്ലാ ആഴ്ചയും ചൊവ്വ, വെള്ളി ദിവസങ്ങളിൽ ഈ കേന്ദ്രങ്ങളിൽ കുടുംബശ്രീ കമ്മ്യൂണിറ്റി കൗൺസിലർമാരുടെ സേവനം സൗജന്യമായി ലഭ്യമായിരിക്കും.
പോസ്റ്റർ പ്രകാശന ചടങ്ങിൽ ജില്ലാ പോലീസ് അഡീഷണൽ എസ്.പി ടി.എസ് സിനോജ്, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷൻ കോഡിനേറ്റർ ഗീത, ജില്ലാ പ്രോഗ്രാം മാനേജർമാരായ ഗ്രീഷ്മ (ജെൻഡർ), സബിത (ഫിനാൻഷ്യൽ ഇൻക്ലൂഷൻ), സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്ക് സർവീസ് പ്രൊവൈഡർ സൗമ്യ എന്നിവർ പങ്കെടുത്തു.

