ക്വീൻസ്‌ലൻഡിൽ വൻ തൊഴിൽ പദ്ധതി; പ്രവാസി മലയാളികൾക്കും തൊഴിലന്വേഷകർക്കും പുതിയ പ്രതീക്ഷകളുമായി 6.84 മില്യൺ ഡോളറിന്റെ പാക്കേജ്

ബ്രിസ്ബേൻ: ക്വീൻസ്‌ലൻഡിൽ സ്ഥിരതാമസമാക്കിയ മലയാളി പ്രവാസികൾക്കും പുതിയ തൊഴിലന്വേഷകർക്കും ഒരുപോലെ പ്രതീക്ഷ നൽകുന്ന വൻ തൊഴിൽ പദ്ധതികളുമായി ‘ക്വീൻസ്‌ലൻഡ് വർക്ക്ഫോഴ്‌സ് ഫണ്ട് സ്‌കിൽഡ് മൈഗ്രന്റ്സ്’ (Queensland Workforce Fund Skilled Migrants) പാക്കേജ് പ്രഖ്യാപിച്ചു. വിവിധ മേഖലകളിലെ കടുത്ത തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനായി 6.84 മില്യൺ ഡോളറാണ് സംസ്ഥാന സർക്കാർ അടിയന്തരമായി അനുവദിച്ചിരിക്കുന്നത്.

7,200ലധികം പേർക്ക് പുതിയ തൊഴിലവസരങ്ങൾ: ക്വീൻസ്‌ലൻഡിലെ ക്രിസാഫുള്ളി എൽ.എൻ.പി. (Crisafulli LNP) സർക്കാർ പ്രഖ്യാപിച്ച ഈ പദ്ധതിയിലൂടെ ഏഴായിരത്തിലധികം ആളുകൾക്ക് പുതിയ ജോലികളും തൊഴിൽ സ്‌കിൽ വികസനവും ഉറപ്പാക്കും. നിർമ്മാണം (Construction), ആരോഗ്യം (Healthcare), മാനുഫാക്ചറിംഗ്, കമ്മ്യൂണിറ്റി സർവീസസ്, ടൂറിസം എന്നീ മുൻഗണനാ മേഖലകളിലെ ഒൻപത് വൻകിട പ്രോജക്റ്റുകൾക്കാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. വ്യവസായ അധിഷ്ഠിത പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ രണ്ടായിരത്തോളം തൊഴിലുടമകൾക്ക് ആവശ്യമായ ജീവനക്കാരെ കണ്ടെത്താൻ സാധിക്കുമെന്ന് ധന, തൊഴിൽ പരിശീലന കാര്യ മന്ത്രി റോസ് ബേറ്റ്സ് വ്യക്തമാക്കി.

മലയാളി കുടിയേറ്റക്കാർക്കും സ്ത്രീകൾക്കും പ്രത്യേക പരിഗണന: പ്രവാസി മലയാളി സമൂഹത്തിന് ഏറ്റവും വലിയ ആശ്വാസമാകുന്നത് മാനുഫാക്ചറിംഗ് സ്കിൽസ് ക്വീൻസ്‌ലൻഡ് (Manufacturing Skills Queensland) നടപ്പിലാക്കുന്ന ഗ്ലോബൽ ടാലന്റ് പദ്ധതിയാണ്. വിദേശത്തു നിന്നും യോഗ്യത നേടി ഓസ്‌ട്രേലിയയിൽ എത്തിയ വിദഗ്ദ്ധ കുടിയേറ്റക്കാർക്കും അഭയാർത്ഥികൾക്കും അവരുടെ യോഗ്യതയ്ക്ക് അനുസരിച്ചുള്ള കരിയർ നിർമ്മാണ മേഖലകളിൽ കണ്ടെത്താൻ ഈ പ്രോജക്റ്റ് നേരിട്ട് സഹായം നൽകും.

കൂടാതെ, എത്തിനിക് കമ്മ്യൂണിറ്റീസ് കൗൺസിൽ ഓഫ് ക്വീൻസ്‌ലൻഡ് (ECCQ) നടപ്പിലാക്കുന്ന മാനസികാരോഗ്യ വിഭാഗങ്ങളിലെ ഇന്റർപ്രെറ്റർ വികസന പദ്ധതിയും വിദേശികൾക്ക് വലിയ അവസരമൊരുക്കും. നിർമ്മാണ മേഖലയിലേക്ക് കൂടുതൽ സ്ത്രീകളെ ആകർഷിക്കുന്നതിനായി ‘സ്കാഫോൾഡിംഗ് ദി ഫ്യൂച്ചർ’ (Scaffolding the Future) എന്ന പ്രത്യേക പദ്ധതിയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

റീജിയണൽ മേഖലകളിലെ ടൂറിസം ജോലികൾക്ക് യാത്രാ വൗച്ചറുകൾ: ടൂറിസം മേഖലയിലെ താല്ക്കാലിക ജീവനക്കാരുടെ ദൗർലഭ്യം പരിഹരിക്കുന്നതിനായി പുതിയൊരു ഡിജിറ്റൽ പ്ലാറ്റ്‌ഫോം ഈ പദ്ധതിക്ക് കീഴിൽ ആരംഭിക്കും. വിറ്റ്‌സൺഡേയ്‌സ് (Whitsundays), ഫാർ നോർത്ത് ക്വീൻസ്‌ലൻഡ്, സൺഷൈൻ കോസ്റ്റ് തുടങ്ങിയ റീജിയണൽ ഹബ്ബുകൾ തമ്മിൽ ജീവനക്കാരെ പങ്കിടുന്നതിനാണ് ഈ സംവിധാനം. ഇത്തരം റീജിയണൽ ഏരിയകളിലേക്ക് ജോലി മാറാൻ തയ്യാറാകുന്ന തൊഴിലാളികൾക്ക് പ്രത്യേക റീലൊക്കേഷൻ അലവൻസുകളും യാത്രാ വൗച്ചറുകളും സർക്കാർ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് റീജിയണൽ വിസ വ്യവസ്ഥകൾ പൂർത്തിയാക്കാൻ ആഗ്രഹിക്കുന്ന മലയാളി വിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കും മികച്ചൊരു സുവർണ്ണാവസരമാണ്.

Leave a Reply

Your email address will not be published. Required fields are marked *