ചോദ്യപേപ്പർ ചോർച്ച തടയാൻ കർശന നിയമഭേദഗതി; അടുത്ത ആഴ്ച പാർലമെന്റിൽ ബിൽ അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: പരീക്ഷാ ചോദ്യപേപ്പർ ചോർച്ച കേസുകളിലെ പ്രതികൾക്ക് കൂടുതൽ കർശന ശിക്ഷ ഉറപ്പാക്കുന്നതിനായി പുതിയ നിയമഭേദഗതി ബിൽ അടുത്ത ആഴ്ച പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ബിൽ വെള്ളിയാഴ്ച ചേരുന്ന കേന്ദ്ര മന്ത്രിസഭാ യോഗം പരിഗണിക്കുമെന്നും അദ്ദേഹം വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി.

ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ ഫാസ്റ്റ്-ട്രാക്ക് കോടതികൾ സ്ഥാപിക്കുന്നതും പുതിയ നിയമനടപടികളുടെ ഭാഗമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിദ്യാർഥികളുടെ ഭാവി സംരക്ഷിക്കുകയാണ് സർക്കാരിന്റെ പരമപ്രധാന പരിഗണനയെന്നും കുറ്റക്കാർക്ക് കർശന ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്കിടെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. സംഭവത്തിന് പിന്നാലെ സർക്കാർ സ്വീകരിച്ച നടപടികളുടെ ഭാഗമായി നിരവധി പ്രതികളെ അറസ്റ്റ് ചെയ്യുകയും അന്വേഷണം ശക്തമാക്കുകയും ചെയ്തതായി അദ്ദേഹം ചൂണ്ടിക്കാട്ടി. പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സർക്കാർ തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *