ചാങ്ഷൗ: ചൈന ഓപ്പൺ സൂപ്പർ 1000 ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യയുടെ പി.വി. സിന്ധുവിന്റെ പോരാട്ടം രണ്ടാം റൗണ്ടിൽ അവസാനിച്ചു. ചൈനയുടെ മുൻ ഒളിമ്പിക് ചാമ്പ്യൻ ചെൻ യു ഫെയിയോട് മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലാണ് സിന്ധു തോൽവി വഴങ്ങിയത്.
ആദ്യ ഗെയിം 21-16ന് സ്വന്തമാക്കിയ സിന്ധു, രണ്ടാം ഗെയിമിൽ വിജയത്തിന് തൊട്ടരികിലെത്തിയെങ്കിലും 20-22ന് വഴങ്ങി. നിർണായകമായ മൂന്നാം ഗെയിമിൽ ചെൻ യു ഫെയ് 21-18ന് ജയിച്ചതോടെ സിന്ധുവിന്റെ ടൂർണമെന്റ് അവസാനിച്ചു. മത്സരം ഒരു മണിക്കൂറിലേറെ നീണ്ടുനിന്നു.
സിന്ധുവിന്റെ പുറത്താകലിന് പിന്നാലെ പുരുഷ സിംഗിൾസിൽ ലക്ഷ്യ സെനും ആയുഷ് ഷെട്ടിയും രണ്ടാം റൗണ്ടിൽ തോറ്റതോടെ ചൈന ഓപ്പണിൽ ഇന്ത്യയുടെ പോരാട്ടം അവസാനിച്ചു.

