കോങ്ങാട്: ജനങ്ങളുടെ ആവശ്യങ്ങൾ പരിഗണിച്ച് പ്രധാനപ്പെട്ട പദ്ധതികൾ അടിയന്തരമായി പൂർത്തിയാ ക്കുമെന്ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി പ്രസ്താവിച്ചു. കെ.എസ്.ആർ. ടി.സി.യുടെ പാലക്കാട് മെഡിക്കൽ കോളേജ് – കോങ്ങാട് ‘പ്രിയദർശിനി’ സർവീസിന് കോങ്ങാട് ബസ് സ്റ്റാൻഡിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
സർക്കാർ പ്രഖ്യാപിച്ച നൂറുദിന കർമ്മപദ്ധതികൾക്ക് അതീവ പ്രാധാന്യം നൽകി സമയബന്ധിതമായാണ് നടപ്പിലാക്കി വരുന്നത്. പ്രദേശവാസികൾ ആവശ്യപ്പെട്ടിട്ടുള്ള കാഞ്ഞിരപ്പുഴ, തച്ചമ്പാറ റൂട്ടുകളിൽ കൂടി ഉടൻ തന്നെ പ്രിയദർശിനി ബസുകൾ അനുവദിക്കുമെന്നും മന്ത്രി ഉറപ്പുനൽകി.
ചടങ്ങിൽ മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നീതു ശങ്കർ അധ്യക്ഷത വഹിച്ചു. ജോഷി, പി.എസ്. ശശികുമാർ, റിയാസ് നാലകത്ത്, മഹേഷ്, രവി, സി.എൻ. ശിവദാസൻ തുടങ്ങിയ ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.

