മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി പോളിൻ ഹാൻസൺ; രൂക്ഷവിമർശനവുമായി ഭരണ-പ്രതിപക്ഷ നേതാക്കൾ

മെൽബൺ: വരാനിരിക്കുന്ന വിക്ടോറിയൻ സംസ്ഥാന തെരഞ്ഞെടുപ്പിനുള്ള വൺ നേഷൻ (One Nation) സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്ന വാർത്താസമ്മേളനത്തിൽ നിന്ന് പ്രമുഖ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയ വൺ നേഷൻ പാർട്ടി നേതാവ് പോളിൻ ഹാൻസണിനെതിരെ രൂക്ഷവിമർശനം. പ്രമുഖ മാധ്യമസ്ഥാപനങ്ങളുടെ റിപ്പോർട്ടർമാർക്കാണ് വാർത്താസമ്മേളനത്തിൽ പ്രവേശനം നിഷേധിച്ചത്.

എ.ബി.സിയെയും ഗാർഡിയനെയും ചടങ്ങിലേക്ക് പ്രവേശിപ്പിച്ചിട്ടില്ലെന്ന് പരസ്യമായി പറഞ്ഞ ഹാൻസൺ, മാധ്യമങ്ങളുടെ വ്യാജ വാർത്തകളും കള്ളങ്ങളും ഇനി സഹിക്കാൻ കഴിയില്ലെന്ന് മാധ്യമവിലക്കിനെ ന്യായീകരിച്ചു. കഴിഞ്ഞ ജൂണിൽ നൽകിയ മുന്നറിയിപ്പ് നടപ്പിലാക്കുക മാത്രമാണ് ചെയ്തതെന്നും മുൻനിര മാധ്യമങ്ങൾ തങ്ങളോട് പക്ഷപാതപരമായിട്ടാണ് പെരുമാറുന്നതെന്നും അവർ ആരോപിച്ചു. എന്നാൽ ആരോപണങ്ങൾക്ക് വ്യക്തമായ ഉദാഹരണങ്ങൾ നൽകാൻ ഹാൻസൺ തയ്യാറായില്ല. അതേസമയം കാനഡയിലെ തീവ്ര വലതുപക്ഷ മാധ്യമമായ ‘റെബൽ ന്യൂസി’ന് (Rebel News) വാർത്താസമ്മേളനത്തിൽ പ്രവേശനം നൽകുകയും ചെയ്തു.

ഹാൻസണിന്റെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നുവരുന്നത്. ചോദ്യങ്ങളെയും പരിശോധനകളെയും ഭയന്നാണ് പോളിൻ ഹാൻസൺ മാധ്യമങ്ങളെ വിലക്കുന്നതെന്ന് ഗ്രീൻസ് സെനറ്റർ സാറ ഹാൻസൺ-യങ് കുറ്റപ്പെടുത്തി. ജനപ്രതിനിധികൾ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ബാധ്യസ്ഥരാണെന്നും ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടുന്നത് രാഷ്ട്രീയ ഭീരുത്വമാണെന്നും ഓസ്‌ട്രേലിയൻ തൊഴിൽ കാര്യ മന്ത്രി അമാൻഡ റിഷ്വർത്ത് പ്രതികരിച്ചു.

ജനാധിപത്യ പ്രക്രിയയിൽ മാധ്യമസ്വാതന്ത്ര്യവും ജനപ്രതിനിധികളെ വിചാരണ ചെയ്യാനുള്ള അവകാശവും അത്യാവശ്യമാണെന്നും പൊതുതാൽപ്പര്യമുള്ള ചോദ്യങ്ങൾ ചോദിക്കുന്നതിൽ നിന്ന് മാധ്യമപ്രവർത്തകരെ തടയുന്നത് നിരാശാജനകമാണെന്നും മാധ്യമ വക്താവ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *