വെല്ലിംഗ്ടൺ: ന്യൂസിലൻഡിലുടനീളം കടുത്ത തണുപ്പും മഞ്ഞുവീഴ്ചയും തുടരുന്നതിനിടെ, വരും ദിവസങ്ങളിൽ രാജ്യത്ത് കൂടുതൽ കുറഞ്ഞ താപനില രേഖപ്പെടുത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ മെറ്റ്‌സർവീസ് (MetService) മുന്നറിയിപ്പ് നൽകി. വ്യാഴം, വെള്ളി ദിവസങ്ങളിൽ ഓക്‌ലൻഡ്, നോർത്ത്‌ലാന്റ് തുടങ്ങിയ വടക്കൻ മേഖലകളിൽ ഉൾപ്പെടെ താപനില വൻതോതിൽ താഴുമെന്നും അതിശൈത്യം അനുഭവപ്പെടുമെന്നും കാലാവസ്ഥാ നിരീക്ഷകൻ ജോൺ ലോ വ്യക്തമാക്കി.
കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് രാജ്യത്തെ പ്രധാന ഗതാഗത പാതകളായ സ്റ്റേറ്റ് ഹൈവേ 2 (Remutaka Hill), ഡെസേർട്ട് റോഡ് (Desert Rd) എന്നിവ പൂർണ്ണമായി അടച്ചിട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ തെക്കൻ ദ്വീപിലെ തെകാപ്പോ, മൗണ്ട് കുക്ക് പ്രദേശങ്ങളിൽ മൈനസ് 8 ഡിഗ്രി സെൽഷ്യസ് വരെ താപനില താഴ്ന്നിരുന്നു.
എന്നാൽ വെള്ളിയാഴ്ചയോടെ തെക്കൻ കാറ്റിന്റെ ദിശ മാറി വടക്കൻ കാറ്റ് വീശിത്തുടങ്ങുന്നതോടെ വാരാന്ത്യത്തോടെ കടുത്ത തണുപ്പിന് നേരിയ ആശ്വാസം ലഭിക്കുമെന്നാണ് മെറ്റ്‌സർവീസിന്റെ വിലയിരുത്തൽ.

