അന്റാർട്ടിക് അതിശൈത്യ തരംഗത്തിൽ മഞ്ഞിൽ മൂടി ന്യൂസിലൻഡ്; തലസ്ഥാനത്ത് 15 വർഷത്തിന് ശേഷം അപൂർവ്വ മഞ്ഞുവീഴ്ച

വെല്ലിംഗ്ടൺ: അന്റാർട്ടിക്കയിൽ നിന്നുള്ള അതിശൈത്യ തരംഗത്തെയും കടുത്ത മഞ്ഞുവീഴ്ചയെയും തുടർന്ന് ന്യൂസിലൻഡിലുടനീളം താപനില കുത്തനെ താഴ്ന്നു. തലസ്ഥാന നഗരമായ വെല്ലിംഗ്ടണിൽ 15 വർഷത്തിന് ശേഷമാണ് അപൂർവ്വമായ ഈ മഞ്ഞുവീഴ്ച അനുഭവപ്പെടുന്നത്. തെക്കൻ നഗരങ്ങളിൽ കനത്ത മഞ്ഞുവീഴ്ച ഉണ്ടായതോടെ തെരുവുകളിലൂടെ സാഹസികമായി സ്കീയിംഗ് നടത്താനുള്ള അപൂർവ്വ അവസരവും പ്രദേശവാസികൾക്ക് ലഭിച്ചു.

ചൊവ്വാഴ്ച മുതൽ ആരംഭിച്ച കടുത്ത തണുത്ത കാറ്റും മഞ്ഞുവീഴ്ചയും ആലിപ്പഴ വർഷവും രാജ്യത്തെ ജീവിതരീതിയെ പൂർണ്ണമായും ബാധിച്ചു. ബുധനാഴ്ച രാവിലെയോടെ തെക്കൻ ദ്വീപിലെ ചില പ്രദേശങ്ങളിൽ താപനില മൈനസ് 9 ഡിഗ്രി സെൽഷ്യസ് വരെ താഴേക്കിറങ്ങി. കനത്ത മഞ്ഞുവീഴ്ച കാരണം പ്രധാന ഹൈവേകളെല്ലാം അടച്ചിടുകയും വടക്കൻ ദ്വീപിന്റെ കിഴക്കൻ തീരങ്ങളിൽ ശക്തമായ ആലിപ്പഴ വീഴ്ച അനുഭവപ്പെടുകയും ചെയ്തു.

വെല്ലിംഗ്ടണിൽ കടൽനിരപ്പിൽ അൽപ്പം ആലിപ്പഴവും മഞ്ഞും കലർന്ന വീഴ്ചയുണ്ടായത് നഗരവാസികൾക്ക് വലിയ ആവേശമായി മാറി. ജീവനക്കാരും പ്രദേശവാസികളും തണുപ്പ് ആസ്വദിക്കാൻ ഓഫീസുകളിൽ നിന്നും വീടുകളിൽ നിന്നും തെരുവുകളിലേക്ക് കൂട്ടത്തോടെ ഇറങ്ങി. സോഷ്യൽ മീഡിയയിലും മഞ്ഞുവീഴ്ചയുടെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചു.

തെക്കൻ ദ്വീപിലെ രണ്ടാമത്തെ വലിയ നഗരമായ ഡൊണെഡിനിൽ മഞ്ഞുമൂടിയതിനെ തുടർന്ന് വിദ്യാർത്ഥികൾക്ക് അവധി പ്രഖ്യാപിച്ചു. ലോകത്തിലെ ഏറ്റവും കുത്തനെയുള്ള റോഡുകളിലൊന്നായി ഗിന്നസ് ബുക്കിൽ ഇടംപിടിച്ച ബോൾഡ്‌വിൻ സ്ട്രീറ്റിലൂടെ സ്നോബോർഡിംഗും സ്കീയിംഗും നടത്തുന്ന ആളുകളുടെ വീഡിയോകളും ദൃശ്യമായിട്ടുണ്ട്.

ക്ലൈസ്റ്റ്ചർച്ചിലെ ന്യൂ ബ്രൈറ്റൺ ബീച്ചും മഞ്ഞിൽ മൂടിയ അവസ്ഥയിലാണ്. കാറ്റും മഴയും ശക്തമായതിനെ തുടർന്ന് ചില വിമാനങ്ങളുടെ ലാൻഡിംഗ് തടസ്സപ്പെട്ടു. റോഡുകളിൽ വാഹനങ്ങൾ തെന്നിമാറി അപകടങ്ങൾ വർധിച്ചതിനെ തുടർന്ന് അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിൽ തണുപ്പ് ഇനിയും വർധിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ മെറ്റ്‌സർവീസ് നൽകുന്ന മുന്നറിയിപ്പ്. അതിശൈത്യം കാരണം രാജ്യത്ത് വൈദ്യുതി ഉപയോഗം എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *