പാലക്കാട്: ഓണക്കാലത്ത് പൂക്കൾക്കായി അയൽസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന രീതിക്ക് മാറ്റം കുറിക്കാൻ ഒരുങ്ങി പാലക്കാട്ടെ കർഷകർ. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പൂക്കൾക്ക് പകരമായി നാട്ടിൽ തന്നെ പൂക്കൾ ഉൽപ്പാദിപ്പിച്ച് കുറഞ്ഞ വിലയിൽ ജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മുൻകൈ എടുത്തിരിക്കുകയാണ് ചിറ്റൂരിലെ പോലീസ് ഉദ്യോഗസ്ഥനായ രാഹുൽ.
മുട്ടിക്കുളങ്ങര പോലീസ് ക്യാമ്പിലെ ഉദ്യോഗസ്ഥനായ രാഹുൽ, ചിറ്റൂർ കേണംപുള്ളി മലയടിവാരത്തുള്ള തന്റെ 30 സെന്റ് സ്ഥലത്താണ് മഞ്ഞ, ഓറഞ്ച് നിറങ്ങളിലുള്ള ചെണ്ടുമല്ലിപ്പൂക്കൾ കൃഷി ചെയ്തിരിക്കുന്നത്. നട്ട് 70 ദിവസം പിന്നിട്ടതോടെ ചെടികളെല്ലാം പൂത്തുലഞ്ഞു നിൽക്കുകയാണ്. ഓണവിപണി ലക്ഷ്യമിട്ടൊരുക്കിയ ഈ കൃഷിയുടെ ആദ്യ വിളവെടുപ്പ് അത്തം നാളിൽ നടക്കും.
മുമ്പ് വീട്ടുവളപ്പിലും പോലീസ് ക്യാമ്പിലും നടത്തി വിജയിച്ച പരീക്ഷണക്കൃഷിയുടെ അനുഭവ കരുത്തിലാണ് രാഹുൽ ഇത്തവണ വിപുലമായ രീതിയിൽ പൂകൃഷിയിറക്കിയത്. ജോലിത്തിരക്കുകൾക്കിടയിലും കുടുംബാംഗങ്ങളുടെ പൂർണ്ണ പിന്തുണയോടെയാണ് പരിപാലനവും വളമിടീലുമെല്ലാം നടക്കുന്നത്.
തമിഴ്‌നാട്, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളെ ആശ്രയിക്കാതെ നാട്ടുകാർക്കും സുഹൃത്തുക്കൾക്കും പൊതുവിപണിയേക്കാൾ കുറഞ്ഞ നിരക്കിൽ പൂക്കൾ നൽകുകയാണ് പ്രധാന ലക്ഷ്യം. കൂടുതൽ കർഷകർ ഈ രംഗത്തേക്ക് കടന്നുവന്നാൽ ഇതരസംസ്ഥാന പൂക്കളുടെ മേലുള്ള ആശ്രയം വലിയ അളവിൽ കുറയ്ക്കാൻ സാധിക്കുമെന്ന പ്രതീക്ഷയും രാഹുൽ പങ്കുവെക്കുന്നു. സ്വയംപര്യാപ്തതയുടെ പുതിയൊരു മാതൃകയാണ് രാഹുലിന്റെ ഈ ചെണ്ടുമല്ലിക്കൃഷി.

