ഹരാരെ: ജിംബാബ്‌വെയിലെ കരിബ തടാകത്തിൽ യാത്രക്കാരുമായി സഞ്ചരിച്ച ബോട്ട് മറിഞ്ഞ് കുട്ടികളടക്കം കുറഞ്ഞത് 44 പേർ മരിച്ചു. 90 പേരെ കയറ്റാൻ ശേഷിയുള്ള ബോട്ടിൽ പരിധിയേക്കാൾ കൂടുതൽ ആളുകളെ കയറ്റിയതാണ് അപകടത്തിന് വഴിവെച്ചതെന്നാണ് റിപ്പോർട്ടുകൾ. ടിക്കറ്റ് കണക്കുകൾ പ്രകാരം 114 മുതിർന്ന യാത്രക്കാരും 5 ജീവനക്കാരും അജ്ഞാതരായ നിരവധി കുട്ടികളും ബോട്ടിലുണ്ടായിരുന്നതായി ജിംബാബ്‌വെ സിവിൽ പ്രൊട്ടക്ഷൻ യൂണിറ്റ് (CPU) വ്യക്തമാക്കി.
തീരദേശ പട്ടണമായ കരിബയിൽ നിന്ന് ദ്വീപുകളിലേക്കും മീൻപിടുത്ത കേന്ദ്രങ്ങളിലേക്കും പുറപ്പെട്ട ബോട്ട് യാത്ര തിരിച്ച് 30 മിനിറ്റിനുള്ളിൽ ശക്തമായ തിരമാലകളിൽപ്പെട്ട് വെള്ളം കയറി മറിയുകയായിരുന്നു. 153 പേർ ബോട്ടിൽ ഉണ്ടായിരുന്നതായി രക്ഷപ്പെട്ട ജീവനക്കാരിലൊരാൾ ദേശീയ മാധ്യമമായ ZBC യോട് പറഞ്ഞു.
സംഭവസ്ഥലത്ത് പ്രത്യേക അണ്ടർവാട്ടർ റെസ്ക്യൂ ടീമിന്റെയും ഹെലികോപ്റ്ററുകളുടെയും നേതൃത്വത്തിൽ തിരച്ചിലും രക്ഷാപ്രവർത്തനവും തുടരുകയാണ്. പോലീസ് തങ്ങളുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയാണ് മരിച്ചവരുടെ എണ്ണം 44 ആയി ഉയർന്ന വിവരം സ്ഥിരീകരിച്ചത്.
ലോകത്തിലെ ഏറ്റവും വലിയ കൃത്രിമ തടാകങ്ങളിലൊന്നായ കരിബ തടാകം ജിംബാബ്‌വെ-സാംബിയ അതിർത്തിയിലാണ് സ്ഥിതിചെയ്യുന്നത്. മുൻപും സമാനമായ രീതിയിൽ ഈ തടാകത്തിൽ ബോട്ട് അപകടങ്ങൾ ഉണ്ടായിട്ടുണ്ട്; 2014-ൽ സാംബിയൻ ഭാഗത്തുണ്ടായ അപകടത്തിൽ 24 കുട്ടികളടക്കം 26 പേരും, 2021-ലും 2023-ലും ജിംബാബ്‌വെ ഭാഗത്തുണ്ടായ അപകടങ്ങളിൽ നിരവധി പേരും മരണപ്പെട്ടിരുന്നു.

