വൻ സാമ്പത്തിക പ്രതിസന്ധിയിൽ ‘ബൈ നൗ പേ ലേറ്റർ മേഖല; ആഫ്റ്റർപേ അടക്കം വൻ നഷ്ടത്തിൽ

സിഡ്‌നി: സാമ്പത്തിക ബാധ്യതകൾക്കിടയിലും സിഡ്‌നി ഒളിമ്പിക് പാർക്ക് അരീനയുടെ പേരുമാറ്റാനുള്ള അവകാശം കോടികൾ മുടക്കി സ്വന്തമാക്കി ഓസ്‌ട്രേലിയയിലെ പ്രമുഖ ‘ബൈ നൗ പേ ലേറ്റർ’ (BNPL) കമ്പനിയായ ആഫ്റ്റർപേ (Afterpay). എന്നാൽ ഓസ്‌ട്രേലിയയിൽ പ്രവർത്തനം ആരംഭിച്ച ശേഷം ഇതുവരെ ലാഭമുണ്ടാക്കാൻ കമ്പനിക്ക് സാധിച്ചിട്ടില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

അടുത്തിടെ പ്രാബല്യത്തിൽ വന്ന പുതിയ ധനകാര്യ നിയന്ത്രണങ്ങളും വായ്പാ നിയമങ്ങളുമാണ് ബി.എൻ.പി.എൽ. മേഖലയ്ക്ക് വലിയ തിരിച്ചടിയായത്. ബി.എൻ.പി.എൽ ആപ്പുകളെ വായ്പാ സേവനങ്ങളുടെ പരിധിയിൽ കൊണ്ടുവന്നതോടെ ക്രെഡിറ്റ് ചെക്കുകൾ നിർബന്ധമാവുകയും, ഉടനടി പണം അനുവദിക്കുന്ന രീതിക്ക് തടസ്സം നേരിടുകയും ചെയ്തു. ഇതോടെ പുതിയ ഉപഭോക്താക്കളുടെ എണ്ണത്തിൽ 35 ശതമാനത്തോളം കുറവുണ്ടായിട്ടുണ്ട്.

2022-ന് ശേഷം കുറഞ്ഞത് എട്ടോളം ബി.എൻ.പി.എൽ കമ്പനികളാണ് ഓസ്‌ട്രേലിയൻ വിപണിയിൽ നിന്ന് പ്രവർത്തനം അവസാനിപ്പിച്ച് മടങ്ങിയത്. ആഫ്റ്റർപേ കഴിഞ്ഞ വർഷം മാത്രം 741 ദശലക്ഷം ഡോളറിന്റെ നികുതിരഹിത നഷ്ടമാണ് രേഖപ്പെടുത്തിയത്.

പലിശയോ മറ്റ് ഫീസുകളോ ഇല്ലാതെ സാധനങ്ങൾ വാങ്ങി പണം പിന്നീട് അടയ്ക്കാമെന്ന വാഗ്ദാനവുമായാണ് ഇത്തരം പ്ലാറ്റ്‌ഫോമുകൾ വിപണി കീഴടക്കിയതെങ്കിലും, നിലവിൽ പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷൻ ഫീസുകളും വൈകുന്ന തിരിച്ചടവുകൾക്കുള്ള പിഴയും ചുമത്തി മുന്നോട്ടുപോകേണ്ട സ്ഥിതിയിലാണ് കമ്പനികൾ. നിയന്ത്രണങ്ങൾ കടുത്തതോടെ ഉപഭോക്താക്കൾ വീണ്ടും ക്രെഡിറ്റ് കാർഡുകളിലേക്കും വ്യക്തിഗത വായ്പകളിലേക്കും തിരിയുന്നതായും സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *