ഫുഡ് ഡെലിവറി ജീവനക്കാരുടെ കുറഞ്ഞ വേതനം വർദ്ധിപ്പിച്ചു;ഫെയർ വർക്ക് കമ്മീഷൻ ഉത്തരവിറക്കി

മെൽബൺ: ഓസ്‌ട്രേലിയയിൽ ഊബർ ഈറ്റ്‌സ് ഡോർഡാഷ് തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ ജോലി ചെയ്യുന്ന ഫുഡ് ഡെലിവറി ജീവനക്കാരുടെ വേതനത്തിലും ആനുകൂല്യങ്ങളിലും സുപ്രധാന പ്രഖ്യാപനവുമായി ഫെയർ വർക്ക് കമ്മീഷൻ. പുതിയ ഉത്തരവ് പ്രകാരം ഫുഡ് ഡെലിവറി ജീവനക്കാർക്ക് ഇനി മുതൽ അടിസ്ഥാന വേതനമായി മണിക്കൂറിന് കുറഞ്ഞത് 31.30 ഓസ്‌ട്രേലിയൻ ഡോളർ ലഭിക്കും.

ഓഗസ്റ്റ് 17 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമപ്രകാരം കാൽനടയായോ സൈക്കിളിലോ ഡെലിവറി നടത്തുന്നവർക്കാണ് അടിസ്ഥാന വേതനമായ $31.30 ലഭിക്കുക. അതേസമയം സ്‌കൂട്ടറോ കാറോ ഉപയോഗിച്ച് ഡെലിവറി ചെയ്യുന്ന ജീവനക്കാർക്ക് മണിക്കൂറിന് $32 വരെ ലഭിക്കും. നിലവിൽ ഓസ്‌ട്രേലിയയിലെ ദേശീയ അടിസ്ഥാന വേതനം $26.44 ആയിരിക്കെയാണ് ഡെലിവറി തൊഴിലാളികൾക്ക് ഈ വൻ വർദ്ധനവ് ലഭ്യമാകുന്നത്. തുടർന്ന് 2027 ജനുവരി 1 മുതൽ വേതനത്തിൽ 50 സെന്റിന്റെ അധിക വർദ്ധനവും ഉണ്ടായിരിക്കുന്നതാണ്.

വേതന വർദ്ധനവിന് പുറമേ, ഡെലിവറി ജീവനക്കാർക്ക് മികച്ച വ്യക്തിഗത അപകട ഇൻഷുറൻസ് നിർബന്ധമായും നൽകണമെന്ന് ഫെയർ വർക്ക് കമ്മീഷൻ കമ്പനികൾക്ക് നിർദ്ദേശം നൽകി. എന്നാൽ വാഹനങ്ങളുടെ തേർഡ്-പാർട്ടി ഇൻഷുറൻസ് ജീവനക്കാർ സ്വന്തമായി എടുക്കേണ്ടതുണ്ട്. ഓർഡർ സ്വീകരിക്കുന്നത് മുതൽ ഉപഭോക്താവിന് നൽകുന്നത് വരെയുള്ള സമയം വേതനത്തിനായി കണക്കാക്കും.

ഓസ്‌ട്രേലിയയിലെ ഡെലിവറി മേഖലയിൽ പാർട്ട് ടൈം ജോലി ചെയ്യുന്ന ആയിരക്കണക്കിന് മലയാളി വിദ്യാർത്ഥികൾക്കും മറ്റ് തൊഴിലാളികൾക്കും വലിയ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതാണ് ഫെയർ വർക്ക് കമ്മീഷന്റെ ഈ പുതിയ തീരുമാനം

Leave a Reply

Your email address will not be published. Required fields are marked *