മോസ്കോ: ആർട്ടിക് മേഖലയിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യയും ചൈനയും റഷ്യയുമായി ഫലപ്രദമായ ചർച്ചകൾ നടത്തിവരികയാണെന്ന് റഷ്യ. മോസ്കോയിൽ നടന്ന നാലാമത് ആർട്ടിക് ഫോറത്തിലാണ് റഷ്യൻ വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥൻ വ്ലാദിസ്ലാവ് മസ്ലെന്നിക്കോവ് ഇക്കാര്യം വ്യക്തമാക്കിയത്.
ആർട്ടിക് മേഖലയിലെ സഹകരണത്തിനായി റഷ്യയുമായി ഏറ്റവും ഫലപ്രദമായി ചർച്ച നടത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് മസ്ലെന്നിക്കോവ് പറഞ്ഞു. ഇന്ത്യയ്ക്കും ചൈനയ്ക്കും ഈ മേഖലയിൽ സംയുക്ത പദ്ധതികളും സംരംഭങ്ങളും നടപ്പാക്കുന്നതിനുള്ള വിപുലമായ വിഭവങ്ങളും സാധ്യതകളും ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയും ചൈനയും റഷ്യയുമായി ആർട്ടിക് മേഖലയുമായി ബന്ധപ്പെട്ട സഹകരണ സാധ്യതകൾ ചർച്ച ചെയ്തുവരുന്നതായും മസ്ലെന്നിക്കോവ് കൂട്ടിച്ചേർത്തു. എന്നാൽ, നിർദിഷ്ട പദ്ധതികളുടെ വിശദാംശങ്ങളോ നിക്ഷേപത്തിന്റെ അളവോ സമയക്രമമോ സംബന്ധിച്ച വിവരങ്ങൾ പ്രസ്താവനയിൽ നൽകിയിട്ടില്ല.
ആർട്ടിക് മേഖലയിലെ പ്രകൃതിവിഭവങ്ങൾ, കപ്പൽഗതാഗതം, ഗവേഷണം തുടങ്ങിയ മേഖലകളിലെ സഹകരണത്തിന് ഇന്ത്യയും റഷ്യയും നേരത്തെ തന്നെ താൽപര്യം പ്രകടിപ്പിച്ചിട്ടുള്ള സാഹചര്യത്തിലാണ് റഷ്യൻ ഉദ്യോഗസ്ഥന്റെ പുതിയ പരാമർശം.

