ഇടുക്കി: സംസ്ഥാനത്തെ ആരോഗ്യ സംവിധാനത്തെ പുനരുജ്ജീവിപ്പിക്കുന്നതിനും സമഗ്രമായ വികസന പദ്ധതി തയ്യാറാക്കുന്നതിനുമായി ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന ‘കായകൽപ്പം’ ജനസമ്പർക്ക പരിപാടിയുടെ ഇടുക്കി ജില്ലാതല ഉദ്ഘാടനം ആഗസ്റ്റ് 18-ന് നടക്കും. ചെറുതോണി ടൗൺ ഹാളിൽ രാവിലെ 9:30-ന് ആരംഭിക്കുന്ന പരിപാടി ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യും.
കേരളത്തിലെ പൊതുജനാരോഗ്യ മേഖല നേരിടുന്ന ഘടനാപരമായ വെല്ലുവിളികളും പ്രതിസന്ധികളും നേരിട്ട് മനസ്സിലാക്കി പരിഹാരം കാണുകയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം. ആശുപത്രികളിലെ പശ്ചാത്തല സൗകര്യങ്ങളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും അപര്യാപ്തത, മരുന്നും ഉപകരണങ്ങളും വിതരണം ചെയ്തതിലുള്ള സാമ്പത്തിക കുടിശ്ശിക, ജീവനക്കാരുടെ കുറവ് മൂലം ചികിത്സാ ഗുണനിലവാരത്തിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ എന്നിവയ്ക്ക് അടിയന്തര പരിഹാരം കാണാൻ ഇതിലൂടെ ലക്ഷ്യമിടുന്നു. കൂടാതെ പകര്‍ച്ചവ്യാധി നിയന്ത്രണത്തിലെ പോരായ്മകള്‍ പരിഹരിക്കുകയും സംസ്ഥാനത്തിന് അനുയോജ്യമായ ഒരു ആരോഗ്യ നയം രൂപീകരിക്കുകയും ചെയ്യുക എന്നതും പദ്ധതിയുടെ ഭാഗമാണ്.
ആരോഗ്യവകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ജില്ലയിലെ എം.പി, എം.എൽ.എമാർ, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ, പൊതുജനങ്ങൾ എന്നിവരിൽ നിന്നും, ആയുഷ്, ഹോമിയോ ഉൾപ്പെടെയുള്ള ആരോഗ്യ സ്ഥാപനങ്ങളുടെ നടത്തിപ്പ് മെച്ചപ്പെടുത്താനും സേവനം കാര്യക്ഷമമാക്കാനുമുള്ള നിർദ്ദേശങ്ങളും പരാതികളും നേരിട്ട് സ്വീകരിക്കും.
ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും നിയോജക മണ്ഡലം അടിസ്ഥാനത്തിൽ മന്ത്രി ചർച്ച നടത്തി അഭിപ്രായങ്ങൾ സ്വരൂപിക്കും. ഇതിൽനിന്ന് ലഭിക്കുന്ന നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ആരോഗ്യമേഖലയുടെ സമഗ്രമായ വികസന പദ്ധതി തയ്യാറാക്കി നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ചടങ്ങിൽ ഡീൻ കുര്യാക്കോസ് എം.പി, എം.എൽ.എമാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, വിവിധ വകുപ്പ് മേധാവികൾ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

