കിൻഷാസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ (ഡി.ആർ.സി) പടർന്നുപിടിക്കുന്ന എബോള ബാധ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും മാരകമായ പകർച്ചവ്യാധിയായി മാറി. ഔദ്യോഗിക കണക്കുകൾ പ്രകാരം ഇതുവരെ 2,325 പേർ മരണപ്പെട്ടു. 2018–20 കാലഘട്ടത്തിലെ എബോള ബാധയിലുണ്ടായ മരണസംഖ്യയെയും ഇത് മറികടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്ത 101 പുതിയ കേസുകൾ ഉൾപ്പെടെ ആകെ സ്ഥിരീകരിച്ച രോഗബാധിതരുടെ എണ്ണം 4,945 ആയി ഉയർന്നതായി ഡി.ആർ.സി പബ്ലിക് ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി.
ചരിത്രത്തിലെ ഏറ്റവും വലിയ പകർച്ചവ്യാധിയായ 2014–16-ലെ പശ്ചിമാഫ്രിക്കൻ എബോള ബാധയെപ്പോലും മറികടക്കുന്ന രീതിയിലാണ് നിലവിലെ വ്യാപനമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) മുന്നറിയിപ്പ് നൽകി. അന്ന് ഗിനിയ, ലൈബീരിയ, സിയറ ലിയോൺ എന്നീ രാജ്യങ്ങളിലായി 28,616 കേസുകളും 11,310 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തിരുന്നത്. കോംഗോയിൽ എബോള പിടിമുറുക്കുകയാണെന്നും ഓരോ 30 മിനിറ്റിലും ഒരാൾ വീതം മരിക്കുന്നുണ്ടെന്നും കഴിഞ്ഞ വെള്ളിയാഴ്ച യു.എൻ മുന്നറിയിപ്പ് നൽകി.
കോംഗോയിലെ 26 പ്രവിശ്യകളിൽ ആറെണ്ണത്തിലാണ് നിലവിൽ രോഗം ബാധിച്ചിട്ടുള്ളത്, പ്രധാനമായും വടക്കുകിഴക്കൻ അതിർത്തി പ്രദേശങ്ങളിലാണ് ഇത്. രോഗം ആദ്യം റിപ്പോർട്ട് ചെയ്ത ഇറ്റൂരി പ്രവിശ്യയിൽ മാത്രം 3,400-ലധികം കേസുകൾ സ്ഥിരീകരിച്ചു. രാജ്യത്തിന്റെ ചരിത്രത്തിലെ പതിനേഴാമത് എബോള വ്യാപനമായ ഇത്, വൈറസിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും വേഗത്തിൽ പടരുന്ന ഒന്നായി മാറിയിരിക്കുകയാണ്. 2014–16 കാലഘട്ടത്തിൽ മരണസംഖ്യ 1,000 കടക്കാൻ അഞ്ച് മാസമെടുത്ത സ്ഥാനത്ത്, നിലവിലെ വ്യാപനത്തിൽ മൂന്ന് മാസത്തിൽ താഴെ സമയത്തിനുള്ളിൽ തന്നെ മരണസംഖ്യ 2,000 കടന്നു.
നിലവിലെ രോഗവ്യാപനത്തിന് കാരണമായ അപൂർവ്വ ഇനമായ ‘ബുണ്ടിബുഗ്യോ’ (Bundibugyo) വകഭേദത്തിനെതിരെ അംഗീകൃത വാക്സിനുകളോ ഫലപ്രദമായ ചികിത്സകളോ ഇതുവരെ ലഭ്യമല്ല. ഈ വകഭേദത്തിനെതിരായ രണ്ട് സാധ്യതയുള്ള ചികിത്സകളുടെ ക്ലിനിക്കൽ പരീക്ഷണങ്ങൾ കഴിഞ്ഞ മാസം ഇറ്റൂരിയിൽ ആരംഭിച്ചിട്ടുണ്ട്. ബുണ്ടിബുഗ്യോ വകഭേദത്തിനായി പ്രത്യേകമായി വികസിപ്പിച്ച രണ്ട് വാക്സിനുകൾ മനുഷ്യരിൽ പരീക്ഷിച്ചുവരികയാണെന്ന് ഡബ്ല്യു.എച്ച്.ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസിസ് അറിയിച്ചു.
സാധാരണയായി രോഗവ്യാപനം പുരോഗമിക്കുമ്പോൾ സമ്പർക്കപ്പട്ടിക കണ്ടെത്തലും നേരത്തെയുള്ള ചികിത്സയും വഴി മരണനിരക്ക് കുറയാറുള്ളതാണെങ്കിലും, ഇവിടെ പല രോഗികളും മരണപ്പെട്ട ശേഷമോ അല്ലെങ്കിൽ അവസാന ഘട്ടത്തിലോ മാത്രമാണ് രോഗം തിരിച്ചറിയപ്പെടുന്നതെന്ന് മെഡിസിൻസ് സാൻസ് ഫ്രോണ്ടിയേഴ്സ് (എം.എസ്.എഫ്) പ്രതിനിധി തോമസ് പാരിഷ് വ്യക്തമാക്കി. അതേസമയം, അയൽരാജ്യമായ ഉഗാണ്ടയുടെ തലസ്ഥാനമായ കമ്പാലയിൽ 20 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ജൂൺ 21-ന് ശേഷം പുതിയ കേസുകളോ സാമൂഹിക വ്യാപനമോ റിപ്പോർട്ട് ചെയ്തിട്ടില്ല. മെയ് മാസത്തിൽ ഈ വ്യാപനത്തെ അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിരുന്നുവെങ്കിലും, വൈറസ് മാസങ്ങൾക്ക് മുൻപ് ഫെബ്രുവരിയിൽ തന്നെ വ്യാപിക്കാൻ തുടങ്ങിയിരുന്നതായി പരിശോധനകൾ വ്യക്തമാക്കുന്നു.
വന്യമൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന എബോള വൈറസ്, രോഗബാധിതരുടെ രക്തം, മറ്റ് ശരീരദ്രവങ്ങൾ, സ്രവങ്ങൾ, മൃതദേഹങ്ങൾ, അല്ലെങ്കിൽ രോഗികൾ ഉപയോഗിച്ച വസ്ത്രങ്ങൾ, കിടക്കവിരികൾ തുടങ്ങിയവ വഴിയാണ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്നത്. പനി, ക്ഷീണം, അസ്വസ്ഥത, പേശിവേദന, തലവേദന, തൊണ്ടവേദന എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. തുടർന്ന് ഛർദ്ദി, വയറിളക്കം, വയറുവേദന, ചർമ്മത്തിലെ തിണർപ്പുകൾ, വൃക്ക, കരൾ എന്നിവയുടെ പ്രവർത്തന തകരാറുകൾ എന്നിവയും കണ്ടുവരുന്നു.

