നോർത്തേൺ ടെറിട്ടറിയിലെ വാദെയിൽ പോലീസിന് നേരെ ആയുധധാരികളുടെ ആക്രമണം; വാഹനങ്ങൾക്ക് കേടുപാടുകൾ

ഡാർവിൻ: നോർത്തേൺ ടെറിട്ടറിയിലെ വിദൂര ആദിവാസി മേഖലയായ വാദെയിൽ (Wadeye) പോലീസിന് നേരെ ആയുധധാരികളുടെ സംഘം അക്രമം അഴിച്ചുവിട്ടു. കല്ലുകൾ, ജനൽ ലൂവറുകൾ, വില്ലും അമ്പും, മെറ്റൽ ബാറുകൾ തുടങ്ങിയ മാരകായുധങ്ങളുമായി എത്തിയ സംഘം പോലീസിനെ ആക്രമിക്കുകയായിരുന്നു. ഞായറാഴ്ച വൈകുന്നേരം 5.30-ഓടെയാണ് കാടുകളിൽ മറഞ്ഞുനിന്ന് അക്രമികൾ പോലീസിന് നേരെ എത്തിയത്. പിരിഞ്ഞുപോകാൻ പോലീസ് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയെങ്കിലും അത് അവഗണിച്ച് ജനവാസ മേഖലകളിലേക്ക് നീങ്ങാൻ ശ്രമിച്ചതോടെ പോലീസ് തന്ത്രപരമായ പ്രതിരോധ മാർഗ്ഗങ്ങൾ (tactical options) പ്രയോഗിച്ച് ഇവരെ തുരത്തുകയായിരുന്നു.

അക്രമത്തിനിടെ കോമ്പൗണ്ട് ബോ ഉപയോഗിച്ച് ഉദ്യോഗസ്ഥർക്ക് നേരെ തൊടുത്ത അമ്പ് പോലീസ് വാഹനത്തിൽ പതിച്ചു. നിരവധി പോലീസ് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചെങ്കിലും ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പോലീസിനു നേരെ നടന്ന ആക്രമണം അത്യന്തം അപലപനീയവും അസ്വീകാര്യവുമാണെന്ന് നോർത്തേൺ ടെറിട്ടറി പോലീസ് സൂപ്രണ്ട് വിർജീനിയ റീഡ് വ്യക്തമാക്കി. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ നിയോഗിക്കപ്പെട്ട പോലീസിന് നേരെ ജീവന് ഭീഷണിയാകുന്ന തരത്തിൽ അക്രമം നടത്തിയത് ഗൗരവകരമായ കാര്യമാണെന്നും അക്രമികൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അവർ അറിയിച്ചു. പ്രദേശത്ത് കൂടുതൽ പോലീസ് സേനയെ വിന്യസിച്ച് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.

വർഷങ്ങളായി വിവിധ ഗോത്രവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ നിലനിൽക്കുന്ന മേഖലയാണ് നോർത്തേൺ ടെറിട്ടറിയിലെ ഏറ്റവും വലിയ തദ്ദേശീയ സമൂഹങ്ങളിലൊന്നായ വാദെ. 22 വ്യത്യസ്ത ഗോത്രവിഭാഗങ്ങളിൽ നിന്നായി രണ്ടായിരത്തോളം ആളുകൾ താമസിക്കുന്ന ഈ മേഖലയിൽ കടുത്ത പാർപ്പിടക്ഷാമവും ജനസാന്ദ്രതയും നിലനിൽക്കുന്നുണ്ട്. ആസ്ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകൾ പ്രകാരം രാജ്യത്തെ ഏറ്റവും പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളിലൊന്നാണിത്. സമാധാനം പുനഃസ്ഥാപിക്കുന്നതിനായി കമ്മ്യൂണിറ്റി നേതാക്കളുമായി ചേർന്ന് പോലീസ് ചർച്ചകൾ നടത്തിവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *