ന്യൂയോർക്ക്: ലൈംഗിക കുറ്റകൃത്യങ്ങളിൽ പ്രതിയായിരുന്ന ജെഫ്രി എപ്സ്റ്റീന്റെ ന്യൂ മെക്സിക്കോയിലെ ‘സോറോ റാഞ്ച്’ പുതിയ ഉടമകൾ ക്രിസ്ത്യൻ ധ്യാനകേന്ദ്രമാക്കി മാറ്റുന്നു. ഡാലസിലെ വ്യവസായി ഡോൺ ഹഫിൻസും കുടുംബവുമാണ് 2023ൽ എപ്സ്റ്റീൻ ട്രസ്റ്റിൽനിന്ന് റാഞ്ച് വാങ്ങിയത്. ഇടപാടിന്റെ വിവരം ഇപ്പോഴാണ് പുറത്തുവന്നത്.
7,600 ഏക്കർ വിസ്തൃതിയുള്ള റാഞ്ച് ആൽബുകർകിക്കും സാന്താ ഫെയ്ക്കും ഇടയിലുള്ള ഒറ്റപ്പെട്ട പ്രദേശത്താണ്. 1993ൽ ന്യൂ മെക്സിക്കോ മുൻ ഗവർണർ ബ്രൂസ് കിംഗിൽനിന്നാണ് എപ്സ്റ്റീൻ സ്ഥലം സ്വന്തമാക്കിയത്. എപ്സ്റ്റീന്റെ ഉടമസ്ഥതയിലായിരുന്ന കാലത്ത് ഇവിടെ ചൂഷണത്തിനും ലൈംഗിക പീഡനത്തിനും ഇരയായതായി നിരവധി പേർ ആരോപിച്ചിരുന്നു.
പുതിയ ഉടമകൾ റാഞ്ചിന്റെ പേര് ‘സാൻ റാഫേൽ റാഞ്ച്’ എന്നാക്കി മാറ്റിയിട്ടുണ്ട്. മുൻകാല സംഭവങ്ങളുമായി ബന്ധപ്പെട്ട നെഗറ്റീവ് പ്രതിച്ഛായ മാറ്റുകയാണ് ലക്ഷ്യമെന്നും സ്ഥലത്തെ ക്രിസ്ത്യൻ ധ്യാനകേന്ദ്രമാക്കാനാണ് കുടുംബത്തിന്റെ പദ്ധതിയെന്നും റിപ്പോർട്ടിൽ പറയുന്നു.
റാഞ്ചിൽ മൂന്ന് ദിവസം നീണ്ട ‘ഭൂതോച്ചാടന’ ചടങ്ങുകളും നടത്തിയതായി റിപ്പോർട്ടുണ്ട്. ഒഹായോയിൽനിന്നുള്ള കത്തോലിക്കാ വൈദികനാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകിയതെന്നാണ് വിവരം.
അതേസമയം, അടുത്തിടെ ന്യൂ മെക്സിക്കോ പൊലീസ് ഉൾപ്പെടെയുള്ള അന്വേഷണസംഘങ്ങൾ റാഞ്ചിൽ വിശദമായ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ലെന്നാണ് റിപ്പോർട്ട്. പുതിയ ഉടമകൾ ഭൂമിയോ കെട്ടിടങ്ങളോ തെറ്റുകാരല്ലെന്നും ദൈവനാമത്തിൽ എത്തുന്ന എല്ലാവർക്കും ഇവിടെ സ്വാഗതമുണ്ടാകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
എപ്സ്റ്റീന്റെ മുൻ ഉടമസ്ഥതയിലുള്ള ന്യൂ മെക്സിക്കോയിലെ റാഞ്ചുമായി ബന്ധപ്പെട്ട രേഖകളും ആരോപണങ്ങളും ഇപ്പോഴും അന്വേഷണവിധേയമാണ്.

