ഇസ്‌ലാമാബാദ്: പാകിസ്ഥാന്റെ സ്ഥാപകൻ മുഹമ്മദ് അലി ജിന്നയുടെ ആരോഗ്യവിവരങ്ങൾ രഹസ്യമായി സൂക്ഷിച്ചതിന് രണ്ട് ഇന്ത്യൻ ഡോക്ടർമാർക്ക് രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ നിഷാൻ-ഇ-ഇംതിയാസ് മരണാനന്തരമായി നൽകുമെന്ന് പാകിസ്ഥാൻ അറിയിച്ചു. മുംബൈയിലെ പാർസി സമൂഹത്തിൽ നിന്നുള്ള ഡോക്ടർമാർക്കാണ് ബഹുമതി നൽകുന്നതെന്ന് പാകിസ്ഥാൻ ആസൂത്രണ മന്ത്രി അഹ്‌സൻ ഇഖ്ബാൽ അറിയിച്ചു.
ജിന്നയുടെ ഗുരുതര ആരോഗ്യനില പുറത്തുവന്നിരുന്നെങ്കിൽ 1947ലെ പാകിസ്ഥാൻ രൂപീകരണത്തിന്റെ സമയക്രമത്തെ അത് ബാധിച്ചേനെയെന്നാണ് അഹ്‌സൻ ഇഖ്ബാൽ പറഞ്ഞത്. ജിന്നയുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിരുന്നെങ്കിൽ വിഭജനം വൈകാനും പാകിസ്ഥാൻ രൂപീകരണം തന്നെ പ്രതിസന്ധിയിലാകാനും സാധ്യതയുണ്ടായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
എന്നാൽ ബഹുമതി ലഭിക്കുന്ന രണ്ട് ഡോക്ടർമാരുടെ പേരുകൾ പാകിസ്ഥാൻ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ജിന്നയ്ക്ക് അന്ന് ചികിത്സിക്കാൻ കഴിയാത്ത ക്ഷയരോഗമായിരുന്നുവെന്നും പാകിസ്ഥാൻ രൂപീകരിച്ച് ഏകദേശം ഒരു വർഷത്തിന് ശേഷം അദ്ദേഹം മരിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ചരിത്രത്തിലെ നിർണായകമായ ഒരു രഹസ്യമായാണ് ജിന്നയുടെ ആരോഗ്യവിവരങ്ങൾ പല ചരിത്രകാരന്മാരും വിലയിരുത്തുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

