ഇന്ന് നാം ജീവിക്കുന്ന ഈ ലോകത്ത് നേരം വെളുത്ത് സന്ധ്യ മയങ്ങുന്നതുവരെ മനുഷ്യൻ ഓടുന്നത് എന്തിനാണ്? അന്നന്നത്തെ ആഹാരത്തിനും, കയറിക്കിടക്കാൻ ഒരു കൂരയ്ക്കും, വിദ്യാഭ്യസത്തിനും, അസുഖം വന്നാൽ ചികിത്സിക്കാനും, വാർദ്ധക്യത്തിൽ പട്ടിണി കിടക്കാതിരിക്കാനുമുള്ള പണത്തിന് വേണ്ടിയാണ്. എന്നാൽ, കുറച്ച് വ്യതസ്തമായി നമ്മുടെ സമീപ ഭാവിയെ, ഏകദേശം 2040-2050 കാലഘട്ടത്തിലേക്ക് നാം അധുനികമായി ചിന്തിക്കെണ്ടത് തികച്ചും വ്യത്യസ്തമായ ഒരു ഭൂമിയാണ്. ഇലോൺ മസ്കിനെപ്പോലുള്ള ലോകത്തിൻ്റെ ഗതിമാറ്റുന്ന ചിന്തകർ പറയുന്നതുപോലെ, അധികം വൈകാതെ ‘പണം’ എന്ന സങ്കല്പം തന്നെ അപ്രസക്തമാകുന്ന ഒരു സുവർണ്ണ കാലഘട്ടത്തിലേക്ക് നാം നടന്നടുക്കുകയാണ്.
ബുദ്ധിയും ശേഷിയുമുള്ള യന്ത്രമനുഷ്യരും നിർമ്മിത ബുദ്ധിയും കഠിനാധ്വാനം മുഴുവൻ ഏറ്റെടുക്കുന്നതോടെ, ഉൽപ്പാദനച്ചെലവ് പൂജ്യത്തിലേക്ക് താഴുകയും ക്ഷാമം എന്ന വാക്ക് ഭൂമിയിൽ നിന്ന് മാഞ്ഞുപോവുകയും ചെയ്യും. സർക്കാരുകൾക്ക് സ്വന്തം ജനങ്ങളുടെ ഭക്ഷണം, വസ്ത്രം, മികച്ച ചികിത്സ, വിദ്യാഭ്യാസം, പാർപ്പിടം എന്നിവ യാതൊരു പ്രതിഫലവുമില്ലാതെ സൗജന്യമായി നൽകാൻ സാധിക്കുന്ന സമ്പന്നതയിലേക്ക് ലോകം മാറും. അവിടെ ബാങ്ക് ബാലൻസിനോ നോട്ടുകെട്ടുകൾക്കോ യാതൊരു സ്ഥാനവും ഉണ്ടാവില്ല. അങ്ങനെ പണത്തിന്റെ ആധിപത്യം ഇല്ലാതാകുമ്പോൾ ഭൂമിയിലെ ജീവിതം എങ്ങനെയുള്ളതായിരിക്കും? സാധാരണക്കാരന്റെ കണ്ണിലൂടെ ചിന്തിച്ചാൽ, ജീവിക്കാൻ വേണ്ടി മാത്രം ചെയ്യുന്ന അടിമപ്പണിയിൽ നിന്ന് മനുഷ്യൻ പൂർണ്ണമായും സ്വതന്ത്രനാകും. രാവിലെ എഴുന്നേറ്റ് പണമുണ്ടാക്കാൻ വേണ്ടി ഇഷ്ടമില്ലാത്ത ജോലി ചെയ്യേണ്ടതില്ല. പണത്തിനായുള്ള അത്യാഗ്രഹവും അസൂയയും തട്ടിപ്പും ഇല്ലാതാകുന്നതോടെ കൊലപാതകങ്ങളും മോഷണങ്ങളും വലിയൊരു പരിധി വരെ അവസാനിക്കും. സമ്പത്തിന്റെ പേരിൽ മനുഷ്യരെ തരംതിരിക്കുന്ന മതിലുകൾ തകർന്നുവീഴും.
അപ്പോൾ മനുഷ്യജീവിതത്തിന്റെ ലക്ഷ്യം എന്തായിരിക്കും? പണം സമ്പാദിക്കുക എന്ന ഒരൊറ്റ ലക്ഷ്യത്തിൽ കുടുങ്ങിക്കിടന്ന മനുഷ്യന്റെ യഥാർത്ഥ സാധ്യതകൾ പുറത്തുവരുന്നത് അപ്പോഴാണ്. അറിവ് നേടുക, കലയും സാഹിത്യവും ആസ്വദിക്കുകയും സൃഷ്ടിക്കുകയും ചെയ്യുക, പ്രകൃതിയെ കൂടുതൽ ആഴത്തിൽ അടുത്തറിയുക, ബഹിരാകാശ രഹസ്യങ്ങൾ തേടിപ്പോവുക, മറ്റുള്ളവരോട് സ്നേഹവും കാരുണ്യവും പങ്കുവെക്കുക എന്നിവയായിരിക്കും ജീവിതത്തിന്റെ പുതിയ അർത്ഥങ്ങൾ. യന്ത്രങ്ങൾ ഭൗതിക ആവശ്യങ്ങൾ നിറവേറ്റുമ്പോൾ, മനുഷ്യൻ തന്റെ മനസ്സിനെയും ആത്മാവിനെയും വികസിപ്പിക്കും. പണമില്ലാത്ത ആ സുന്ദര ലോകം കേവലം ഒരു സ്വപ്നമല്ല, മറിച്ച് മാനവികതയുടെ പുതിയൊരു പ്രഭാതമാണ്. നന്മയുടെ ആ നല്ല നാളുകൾക്കായി നമുക്ക് കാത്തിരിക്കാം.
ഡോ. ബാബു ഫിലിപ്പ് അഞ്ചനാട്ട്
ചീഫ് എഡിറ്റർ, മലയാളി പത്രം

