മണ്ണിനൊപ്പം പൊതുപ്രവർത്തനം; ഓണവിപണി കീഴടക്കാൻ സ്വന്തം കൃഷിയിടത്തിലെ മത്തങ്ങ വിളവെടുപ്പുമായി സണ്ണി മാത്യു

മേലുകാവ്: പൊതുപ്രവർത്തനത്തിന്റെ തിരക്കുകൾക്കിടയിലും മണ്ണിനെയും കൃഷിയെയും നെഞ്ചോടു ചേർത്തുപിടിച്ച് വേറിട്ട മാതൃക സൃഷ്ടിക്കുകയാണ് മുൻ ജില്ലാ പഞ്ചായത്ത് അംഗം സണ്ണി മാത്യു വടക്കേമുളഞ്ഞനാൽ. പയസ് മൗണ്ടിലെ സ്വന്തം കൃഷിയിടത്തിൽ വിളവെടുത്ത വിഷരഹിത മത്തങ്ങകൾ ഓണവിപണിയിലെത്തിക്കാനുള്ള അവസാനഘട്ട ഒരുക്കങ്ങളിലാണ് ഇദ്ദേഹം.

കഴിഞ്ഞ അഞ്ച് വർഷമായി മത്തങ്ങ കൃഷിയിൽ സജീവമായ സണ്ണി മാത്യു, കൃഷിഭവൻ, കുടുംബശ്രീ വിപണന മേളകൾ, പ്രാദേശിക പച്ചക്കറി വിൽപ്പന കേന്ദ്രങ്ങൾ എന്നിവ വഴിയും നേരിട്ടുള്ള ഉപഭോക്താക്കൾക്കുമായാണ് ഉൽപ്പന്നങ്ങൾ എത്തിച്ചുനൽകുന്നത്. മത്തങ്ങയ്ക്കുപുറമെ വെണ്ട, വഴുതന, ഏത്തവാഴ, ഞാലിപ്പൂവൻ തുടങ്ങിയ വിവിധ വിളകളും ഇദ്ദേഹത്തിന്റെ കൃഷിയിടത്തിൽ സമൃദ്ധമായി വിളഞ്ഞുനിൽക്കുന്നുണ്ട്. രാസവളങ്ങളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി തികച്ചും ജൈവവളങ്ങൾ മാത്രം ഉപയോഗിച്ചാണ് കൃഷിരീതി മുന്നോട്ടുകൊണ്ടുപോകുന്നത്.

പൊതുപ്രവർത്തനത്തോടൊപ്പം തന്നെ ജനസേവനത്തിന്റെ ഭാഗമാണ് കൃഷിയുമെന്നാണ് സണ്ണി മാത്യുവിന്റെ പക്ഷം. കൃഷിയിടത്തിലെ കഠിനാധ്വാനം ശരീരത്തിനും മനസ്സിനും ഒരുപോലെ ഊർജ്ജവും ഉന്മേഷവും പകരുമെന്നും, നാടിന്റെ ആരോഗ്യത്തിനും മണ്ണിന്റെ സംരക്ഷണത്തിനുമായി ഓരോ കുടുംബവും സ്വന്തം പുരയിടത്തിൽ ചെറിയൊരു പച്ചക്കറിത്തോട്ടമെങ്കിലും നിർമ്മിക്കാൻ മുന്നോട്ടുവരണമെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു. സ്വന്തം മണ്ണിൽ വിളഞ്ഞ നാടൻ പച്ചക്കറികളുമായി ഓണവിപണിയിലേക്ക് എത്തുമ്പോൾ, പുതിയ തലമുറ കൃഷിയിലേക്ക് ആകർഷിക്കപ്പെടണമെന്ന വലിയൊരു സന്ദേശം കൂടിയാണ് ഈ പൊതുപ്രവർത്തകൻ പങ്കുവെക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *