ടെഹ്റാൻ: ഇറാനെതിരായ അമേരിക്കയുടെ പുതിയ സാമ്പത്തിക ഉപരോധനീക്കത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ. അമേരിക്കയുടെ സാമ്പത്തിക സമ്മർദം തുടർന്നാൽ അതിനനുസരിച്ചുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഇറാൻ അധികൃതർ മുന്നറിയിപ്പ് നൽകി.
അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് ഇറാനെതിരേ വിപുലമായ പുതിയ ഉപരോധനടപടികൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇറാന്റെ പ്രതികരണം. ഇറാനുമായി ബന്ധപ്പെട്ട 60 വ്യക്തികൾ, സ്ഥാപനങ്ങൾ, കപ്പലുകൾ എന്നിവ ലക്ഷ്യമിട്ടാണ് പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇറാന്റെ സൈനിക പ്രവർത്തനങ്ങൾ, സംഭരണ ശൃംഖലകൾ, പെട്രോളിയം, പെട്രോകെമിക്കൽ മേഖലകൾ എന്നിവയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.
അമേരിക്കയുടെ സാമ്പത്തിക സമ്മർദനീക്കത്തോട് വഴങ്ങില്ലെന്ന നിലപാടാണ് ഇറാൻ വ്യക്തമാക്കുന്നത്. ഇറാന്റെ സമ്പദ്വ്യവസ്ഥയെ കൂടുതൽ സമ്മർദത്തിലാക്കുന്നതിനൊപ്പം രാജ്യവുമായി വ്യാപാരബന്ധം തുടരുന്ന മറ്റു രാജ്യങ്ങളെയും ലക്ഷ്യമിടുന്ന യുഎസ് നടപടിക്കെതിരേയും ടെഹ്റാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അമേരിക്കൻ ഉപരോധനടപടികളിൽ സഹകരിക്കുന്ന രാജ്യങ്ങളെ ശത്രുക്കളായി കണക്കാക്കുമെന്നായിരുന്നു നേരത്തേ ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മൊഹ്സെൻ റെസായിയുടെ മുന്നറിയിപ്പ്.
ഇറാന്റെ പ്രതികരണം പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷം കൂടുതൽ രൂക്ഷമാകാനുള്ള സാധ്യത ഉയർത്തുന്നതാണ്. പ്രത്യേകിച്ച് ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണക്കയറ്റുമതിയെയും കപ്പൽ ഗതാഗതത്തെയും ബാധിക്കുന്ന നടപടികളിലേക്ക് ഇറാൻ നീങ്ങുമോയെന്ന ആശങ്കയും നിലനിൽക്കുന്നു.

