വാഷിങ്ടൺ: ഇറാനെതിരായ സാമ്പത്തിക സമ്മർദം ശക്തമാക്കി യുഎസ്. ട്രംപ് ഭരണകൂടത്തിന്റെ നിർദേശപ്രകാരം ‘ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്’ എന്ന പേരിൽ ഇറാന്റെ ആഗോള സാമ്പത്തിക ബന്ധങ്ങൾ വിച്ഛേദിക്കാനുള്ള നടപടികൾ ആരംഭിച്ചതായി യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് അറിയിച്ചു. ഇറാന്റെ വരുമാന സ്രോതസ്സുകൾ തടയുകയും രാജ്യത്തെ സാമ്പത്തികമായി ഒറ്റപ്പെടുത്തുകയുമാണ് ലക്ഷ്യം.
ഇറാനുമായി സാമ്പത്തിക ഇടപാടുകൾ നടത്തുന്ന രാജ്യങ്ങൾക്കും കമ്പനികൾക്കും ഉപരോധം നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും യുഎസ് നൽകി. ഇറാന്റെ എണ്ണ വാങ്ങുന്നവർ, എണ്ണ കടത്തുന്ന കപ്പൽ കമ്പനികൾ, സാമ്പത്തിക ഇടപാടുകൾ സുഗമമാക്കുന്ന എക്സ്ചേഞ്ച് സ്ഥാപനങ്ങൾ, ഉപരോധം മറികടക്കാൻ സഹായിക്കുന്ന സ്ഥാപനങ്ങൾ, ഇറാനുമായി ഇടപാടുകൾ നടത്തുന്ന ബാങ്കുകൾ എന്നിവയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.
ഡിജിറ്റൽ ആസ്തികൾ, സാങ്കേതികവിദ്യ, സ്വർണം, വ്യോമയാനം, കപ്പൽഗതാഗതം എന്നീ അഞ്ച് മേഖലകളിൽ പുതിയ ഉപരോധ നടപടികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇറാന്റെ ആണവ, മിസൈൽ സാങ്കേതികവിദ്യാ സംഭരണം, സൈബർ പ്രവർത്തനങ്ങൾ, എണ്ണ വരുമാന ശൃംഖലകൾ എന്നിവയുമായി ബന്ധമുള്ള 60ഓളം വ്യക്തികൾ, സ്ഥാപനങ്ങൾ, കപ്പലുകൾ എന്നിവർക്കെതിരെയും നടപടികൾ സ്വീകരിച്ചതായി യുഎസ് അറിയിച്ചു.
ഇറാനുമായി സാമ്പത്തിക ബന്ധം അവസാനിപ്പിക്കണമെന്ന് യുഎസ് മറ്റ് രാജ്യങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഏതൊക്കെ രാജ്യങ്ങളെയാണ് നേരിട്ട് സമീപിച്ചതെന്ന് ബെസന്റ് വ്യക്തമാക്കിയില്ല. എന്നാൽ ഇറാന്റെ പ്രധാന എണ്ണ ഉപഭോക്താവായ ചൈനയുടെ നിലപാട് ഉപരോധത്തിന്റെ വിജയത്തിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.
ഇതിനിടെ, പുതിയ യുഎസ് നടപടികൾക്കെതിരെ ഇറാൻ ശക്തമായ പ്രതികരണത്തിന് തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകളുണ്ട്. യുഎസ് സാമ്പത്തിക ഉപരോധത്തിൽ പങ്കാളികളാകുന്ന രാജ്യങ്ങളെ ശത്രുക്കളായി കണക്കാക്കുമെന്ന് ഇറാൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
ഇറാന്റെ സാമ്പത്തിക ബന്ധങ്ങൾ പൂർണമായി വിച്ഛേദിക്കുകയാണ് ലക്ഷ്യമെന്ന് ബെസന്റ് വ്യക്തമാക്കിയെങ്കിലും, നടപടികളുടെ സമയക്രമവും കൂടുതൽ രാജ്യങ്ങൾക്കും സ്ഥാപനങ്ങൾക്കും എപ്പോൾ ഉപരോധം ഏർപ്പെടുത്തുമെന്നതും യുഎസ് ഇതുവരെ വിശദീകരിച്ചിട്ടില്ല.

