ന്യൂസൗത്ത് വെയിൽസ് പ്രീമിയർ ക്രിസ് മിൻസും ട്രഷറർ ഡാനിയൽ മുക്കിയും ഇന്ത്യയിലേക്ക്; ഔദ്യോഗിക സന്ദർശനം ഓഗസ്റ്റ് 31 മുതൽ

സിഡ്നി: ഇന്ത്യയുമായുള്ള സാംസ്കാരിക, വിദ്യാഭ്യാസ, സാമ്പത്തിക ബന്ധങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ന്യൂസൗത്ത് വെയിൽസ് പ്രീമിയർ ക്രിസ് മിൻസും ട്രഷറർ ഡാനിയൽ മുക്കിയും ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തുന്നു. 2026 ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 3 വരെയാണ് സന്ദർശനം. പ്രീമിയർ പദവി ഏറ്റെടുത്തതിനുശേഷമുള്ള ക്രിസ് മിൻസിന്റെ ആദ്യ വിദേശ സന്ദർശനമാണിത്. ഡാർലിംഗ് ഹാർബറിലെ ഐ.സി.സിയിൽ നടന്ന ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലാണ് അദ്ദേഹം ഈ സന്ദർശനം പ്രഖ്യാപിച്ചത്.

നാല് ദിവസത്തെ സന്ദർശനത്തിൽ ന്യൂഡൽഹി, മുംബൈ എന്നീ പ്രധാന നഗരങ്ങളിലാണ് ഔദ്യോഗിക പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. ഉന്നതതല സർക്കാർ ചർച്ചകളും പ്രമുഖ വ്യവസായ പ്രമുഖരുമായുള്ള ബിസിനസ് കൂടിക്കാഴ്ചകളും ഇതിന്റെ ഭാഗമായി നടക്കും. ന്യൂസൗത്ത് വെയിൽസും മഹാരാഷ്ട്രയും തമ്മിലുള്ള ‘സിസ്റ്റർ-സ്റ്റേറ്റ്’ (Sister-State) സഹകരണം കൂടുതൽ ദൃഢമാക്കാനും ഈ യാത്ര ലക്ഷ്യമിടുന്നുണ്ട്. വിദ്യാഭ്യാസം, ഗവേഷണവും നവീനാശയങ്ങളും , അഗ്രിഫുഡ്, ഹരിത ഊർജ്ജം സുപ്രധാന ഖനികൾ (Critical Minerals), സാങ്കേതികവിദ്യ, വിനോദസഞ്ചാരം തുടങ്ങിയ സുപ്രധാന മേഖലകൾക്കാണ് ചർച്ചകളിൽ മുൻഗണന നൽകുന്നത്.

2024-25 കാലയളവിൽ NSW-ഉം ഇന്ത്യയും തമ്മിലുള്ള ചരക്ക് വ്യാപാരം 6.87 ബില്യൺ ഡോളറിലെത്തിയിരുന്നു. കൂടാതെ, 28,000-ത്തിലധികം ഇന്ത്യൻ വിദ്യാർത്ഥികൾ നിലവിൽ NSW-ൽ ഉപരിപഠനം നടത്തുന്നുണ്ട്. പ്രാദേശിക വികസനത്തിന് ഇന്ത്യൻ സമൂഹം നൽകുന്ന സംഭാവനകളെ പ്രീമിയർ ക്രിസ് മിൻസ് പ്രശംസിച്ചു. ലോകത്തിലെ അതിവേഗം വളരുന്ന വലിയ സാമ്പത്തിക ശക്തികളിലൊന്നാണ് ഇന്ത്യയെന്നും, പ്രീമിയർ എന്ന നിലയിലുള്ള തന്റെ ആദ്യ വിദേശയാത്ര ഇന്ത്യയിലേക്കാകണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യൻ സന്ദർശനത്തിന് ശേഷം പ്രീമിയർ മിൻസ് സെപ്റ്റംബർ 4 മുതൽ 5 വരെ നേപ്പാളിലെ കാഠ്മണ്ഡു സന്ദർശിക്കും. അതേസമയം, ട്രഷറർ ഡാനിയൽ മുക്കി സാങ്കേതികവിദ്യയും നിക്ഷേപങ്ങളും ലക്ഷ്യമിട്ട് ബെംഗളൂരുവിൽ തുടർ സന്ദർശനം നടത്തും. പ്രീമിയറുടെ അഭാവത്തിൽ ഡെപ്യൂട്ടി പ്രീമിയർ പ്രൂ കാർ (Prue Car) ആക്ടിങ് പ്രീമിയറുടെ ചുമതല വഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *