പത്തനംതിട്ട: ആറന്മുള ഉതൃട്ടാതി ജലമേള ഉദ്ഘാടനത്തിനായി ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ എത്തുന്നതുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ ഒൻപത് മണി മുതൽ കോന്നി ജംഗ്ഷൻ മുതൽ ആറാട്ടുപുഴ വരെയുള്ള വിവിധ പാതകളിലാണ് നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നത്. കൂടാതെ, സന്ദർശനത്തിന് മുന്നോടിയായി ഓഗസ്റ്റ് 29 ശനിയാഴ്ച രാവിലെ ഒൻപത് മണി മുതൽ നടക്കുന്ന റിഹേഴ്‌സലിന്റെ ഭാഗമായും ഇതേ രീതിയിലുള്ള നിയന്ത്രണങ്ങൾ ഉണ്ടായിരിക്കുന്നതാണ്.
ഉപരാഷ്ട്രപതി എത്തുന്നതിന് 30 മിനിറ്റ് മുൻപ് മുതൽ കോന്നി ജംഗ്ഷനിൽ നിന്ന് തെങ്ങുംകാവ് – പൂങ്കാവ് ഭാഗത്തേക്ക് വാഹനങ്ങൾ കടത്തിവിടില്ല. തെങ്ങുംകാവ് ജംഗ്ഷനിൽ നിന്ന് പൂങ്കാവ് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളെ കോന്നി മലയോര ഹൈവേ വഴിയും, കുമ്പഴ ജംഗ്ഷനിൽ നിന്ന് ടൗണിലേക്കുള്ള പ്രവേശനം ഒഴിവാക്കി മലയോര ഹൈവേ വഴിയും തിരിച്ചുവിടും. തോന്ന്യാമല ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾക്ക് സെന്റ് പീറ്റേഴ്സ് ജംഗ്ഷനിലേക്ക് പ്രവേശനം ഉണ്ടാകില്ല; ഇവയെ ജില്ലാ പോലീസ് മേധാവിയുടെ ക്യാമ്പ് ഓഫീസ് (ഡി.പി.ഒ) ജംഗ്ഷനിലേക്ക് തിരിച്ചുവിടും. രാവിലെ ഒൻപത് മുതൽ കടമ്മനിട്ട ഭാഗത്ത് നിന്നുള്ള വാഹനങ്ങളെ സെന്റ് പീറ്റേഴ്സ് ജംഗ്ഷനിലേക്ക് വിടാതെ ഡി.പി.ഒ ജംഗ്ഷനിലേക്കും, പത്തനംതിട്ടയിൽ നിന്ന് കോഴഞ്ചേരിക്ക് പോകുന്നവയെ കടമ്മനിട്ട വഴിയും തിരിച്ചുവിടും. ഉപരാഷ്ട്രപതി എത്തുന്നതിന് അരമണിക്കൂർ മുൻപ് ഡി.പി.ഒ ജംഗ്ഷനിൽ നിന്ന് സെന്റ് പീറ്റേഴ്സ് ജംഗ്ഷനിലേക്ക് വാഹനം അനുവദിക്കില്ല. മൈലപ്ര ജംഗ്ഷൻ വഴി ടൗണിലേക്കുള്ള പ്രവേശനം തടഞ്ഞ് വാഹനങ്ങൾ വഴിതിരിച്ചുവിടും. അബാൻ ജംഗ്ഷനിൽ നിന്ന് അഴൂർ, മിനി സിവിൽ സ്റ്റേഷൻ ഭാഗങ്ങളിലേക്കും, സെൻട്രൽ ജംഗ്ഷനിൽ നിന്ന് അഴൂർ, സ്റ്റേഡിയം ജംഗ്ഷനുകളിലേക്കുമുള്ള പ്രവേശനം തടയും. മിനി സിവിൽ സ്റ്റേഷൻ ജംഗ്ഷനിൽ നിന്ന് യാത്രാദിശയ്ക്കനുസരിച്ച് ഡി.പി.ഒ, അബാൻ ജംഗ്ഷനുകളിലേക്ക് വാഹനങ്ങൾ തിരിച്ചുവിടും.
ശബരി ബാലാശ്രമത്തിലേക്കുള്ള റോഡിൽ രാവിലെ ഒൻപത് മുതൽ പോലീസിന്റെ കർശന നിയന്ത്രണം ഉണ്ടാകും. കിടങ്ങന്നൂരിൽ നിന്ന് ഐക്കര ജംഗ്ഷനിലേക്ക് പോകുന്ന വാഹനങ്ങളെ എം.ടി എൽ.പി.എസ് നാൽക്കാലിക്കലിന് സമീപമുള്ള ചെറിയ റോഡ്, നാൽക്കാലിക്കൽ സ്കൂൾ ജംഗ്ഷൻ, വാഴെപ്പടി ജംഗ്ഷൻ എന്നിവിടങ്ങളിൽ നിന്ന് കോഴിപ്പാലം ഭാഗത്തേക്കും, കോഴിപ്പാലത്ത് നിന്നുള്ളവയെ കിടങ്ങന്നൂർ ഭാഗത്തേക്കും തിരിച്ചുവിടും. കിടങ്ങന്നൂർ ജംഗ്ഷനിൽ നിന്ന് ആറന്മുളയിലേക്കുള്ള വാഹനങ്ങളെ ചെങ്ങന്നൂർ, കോഴിപ്പാലം തുടങ്ങിയ റോഡുകളിലേക്ക് വഴിതിരിച്ചുവിടും. കോഴിപ്പാലം ജംഗ്ഷനിൽ നിന്ന് ആറന്മുള സത്രംകടവ് ഭാഗത്തേക്ക് പ്രവേശനം ഉണ്ടാകില്ല. ചെങ്ങന്നൂർ ഭാഗത്തുനിന്നുള്ള വാഹനങ്ങളെ കോഴിപ്പാലം പാലം/ആഞ്ഞിലിമൂട് പാലം വഴിയും ആറാട്ടുപുഴ ജംഗ്ഷനിൽ നിന്ന് ആറാട്ടുപുഴ പാലം വഴിയും തിരിച്ചുവിടും. മലങ്കര ജംഗ്ഷനിൽ നിന്ന് പന്തളത്തേക്ക് പോകുന്ന വാഹനങ്ങളും തിരിച്ചുവിടും.
കോഴഞ്ചേരി ഭാഗത്ത്, രാവിലെ ഒൻപത് മുതൽ പഴയതെരുവ് ജംഗ്ഷനിൽ നിന്ന് പത്തനംതിട്ടയിലേക്കുള്ള വാഹനങ്ങൾ കടമ്മനിട്ട വഴിയാണ് പോകേണ്ടത്. ടി.ബി. ജംഗ്ഷനിൽ നിന്ന് തെക്കേമലയിലേക്കുള്ള പ്രവേശനം ഒഴിവാക്കി കോഴഞ്ചേരി വൺ-വേ പാതയിലൂടെ വാഹനങ്ങൾ തിരിച്ചുവിടും. ആറന്മുള ഉതൃട്ടാതി ജലമേളയും ഉപരാഷ്ട്രപതിയുടെ സന്ദർശനവും സുഗമവും സുരക്ഷിതവുമായി പൂർത്തിയാക്കാൻ പൊതുജനങ്ങൾ ട്രാഫിക് നിയന്ത്രണങ്ങളോട് പൂർണമായി സഹകരിക്കണമെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് അഭ്യർത്ഥിച്ചു.

