സിഡ്നി: വൺ നേഷൻ പാർട്ടിയുടെ സ്ഥാനാർത്ഥി പ്രഖ്യാപന വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ജാപ്പനീസ് ഭാഷയിൽ മറുപടി നൽകിയ പുതിയ സ്ഥാനാർത്ഥി മൈക്ക് ന്യൂമാനെ പരസ്യമായി തിരുത്തി പാർട്ടി നേതാവ് പോളിൻ ഹാൻസൻ. ന്യൂ സൗത്ത് വെയിൽസിലെ മുൻ ട്രേഡ് കമ്മീഷണറായിരുന്ന മൈക്ക് ന്യൂമാനെ സെസ്നോക്ക് മണ്ഡലത്തിലെ പാർട്ടിയുടെ പ്രധാന സ്ഥാനാർത്ഥിയായാണ് വേദിയിൽ പരിചയപ്പെടുത്തിയത്. കഴിഞ്ഞ 25 വർഷമായി താൻ ന്യൂ സൗത്ത് വെയിൽസിൽ താമസിച്ചിട്ടില്ലെന്ന് സമ്മതിച്ചതിന് തൊട്ടുപിന്നാലെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
വാർത്താസമ്മേളനത്തിൽ ചോദ്യങ്ങൾക്ക് അദ്ദേഹം ജാപ്പനീസ് ഭാഷയിൽ മറുപടി നൽകാൻ തുടങ്ങിയതോടെ പോളിൻ ഹാൻസൻ ഉടൻ തന്നെ ഇടപെടുകയും, മറ്റുള്ളവർക്ക് മനസ്സിലാകാൻ ഇംഗ്ലീഷ് ഉപയോഗിക്കുന്നതായിരിക്കും നല്ലതെന്ന് ഓർമ്മിപ്പിക്കുകയും ചെയ്തു. തുടർന്ന് മറുപടി പൂർത്തിയാക്കിയ ശേഷം ന്യൂമാൻ അത് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു. ഏഷ്യൻ കുടിയേറ്റത്തിനെതിരെ മുൻപ് പരസ്യ നിലപാടുകൾ സ്വീകരിച്ചിട്ടുള്ള പോളിൻ ഹാൻസന്റെ ഈ പ്രതികരണം പാർട്ടിയുടെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ച് വീണ്ടും ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
അതേസമയം, വൺ നേഷൻ പാർട്ടി വംശീയ വിദ്വേഷം പുലർത്തുന്നുവെന്ന ആരോപണങ്ങൾ മൈക്ക് ന്യൂമാൻ ശക്തമായി തള്ളി. തന്റെ ഭാര്യ ജാപ്പനീസ് വംശജയാണെന്നും ബിസിനസ്സ് പങ്കാളികൾ ഇന്ത്യക്കാരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംഭവത്തിന് പിന്നാലെ പാർട്ടിയിൽ പുതിയ വിവാദങ്ങളും തലപൊക്കിയിട്ടുണ്ട്.

