കോഴിക്കോട്: നേപ്പാളിലുണ്ടായ മിന്നൽപ്രളയത്തെത്തുടർന്ന് രക്ഷാപ്രവർത്തനങ്ങൾ ഊർജ്ജിതമായി തുടരുന്നതിനിടെ, കൂടുതൽ മലയാളികൾ സുരക്ഷിതരായി നാട്ടിലെത്തി. നേപ്പാളിൽ നിന്ന് കഴിഞ്ഞദിവസം ബെംഗളൂരുവിൽ എത്തിച്ചേർന്ന 47 അംഗ സംഘത്തിലെ 44 പേരാണ് ഇന്ന് കോഴിക്കോട് തിരിച്ചെത്തിയത്. സംഘത്തിലുണ്ടായിരുന്ന മറ്റ് മൂന്ന് പേർ ട്രെയിൻ മാർഗ്ഗം യാത്ര തിരിച്ചിട്ടുണ്ടെന്ന് യാത്രാ സംഘാടകർ വ്യക്തമാക്കി.
കഴിഞ്ഞദിവസം 13 മലയാളികൾ സുരക്ഷിതരായി കേരളത്തിൽ മടങ്ങിയെത്തിയിരുന്നു. ഇതിനിടെ, മാനസസരോവർ തീർത്ഥാടനത്തിന് പോയിരുന്ന 19 മലയാളികൾ ഉൾപ്പെടുന്ന 23 അംഗ സംഘത്തിലെ 11 പേർ ഡൽഹിയിൽ എത്തിച്ചേർന്നിട്ടുണ്ട്. ദുരന്തമേഖലയിൽ കുടുങ്ങിക്കിടക്കുന്ന ബാക്കിയുള്ളവരെയും സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

