തിരുവനന്തപുരം: ഓണം വാരാഘോഷ സമാപനത്തോടനുബന്ധിച്ച് നടന്ന വർണ്ണാഭമായ സാംസ്കാരിക ഘോഷയാത്രയിൽ പങ്കെടുത്ത ഫ്ലോട്ടുകളുടെയും വിവിധ കലാരൂപങ്ങളുടെയും വിജയികളെ പ്രഖ്യാപിച്ചു. സംസ്ഥാന സർക്കാർ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ വനം വന്യജീവി വകുപ്പ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ എക്സൈസ് വകുപ്പ് രണ്ടാം സ്ഥാനം നേടി.
കേന്ദ്ര സർക്കാർ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ ഐ.എസ്.ആർ.ഒ (ISRO) ഒന്നാം സ്ഥാനവും ദക്ഷിണ റെയിൽവേ രണ്ടാം സ്ഥാനവും സ്വന്തമാക്കി. സർക്കാർ ഇതര – പൊതുമേഖലാ സ്ഥാപനങ്ങളുടെ മത്സരത്തിൽ ലൈഫ് സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡിനാണ് ഒന്നാം സ്ഥാനം. ഈ വിഭാഗത്തിൽ നാഷണൽ ആയുഷ് മിഷനും കെ.ടി.ഡി.സി (KTDC) യും രണ്ടാം സ്ഥാനം പങ്കിട്ടു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ തിരുവനന്തപുരം മുൻസിപ്പൽ കോർപ്പറേഷൻ ഒന്നാമതെത്തിയപ്പോൾ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് രണ്ടാം സ്ഥാനം കരസ്ഥമാക്കി. ബാങ്കിംഗ് മേഖലയിൽ നബാർഡ് (NABARD) ഒന്നാം സ്ഥാനം നേടിയപ്പോൾ, സ്വകാര്യ മേഖലയിൽ കൃപാലയം ഓൾഡേജ് ഹോമിന് പ്രോത്സാഹന സമ്മാനം ലഭിച്ചു.
ഘോഷയാത്രയിൽ അണിനിരന്ന കലാരൂപങ്ങളുടെ മത്സരത്തിലും മികച്ച പ്രകടനങ്ങൾ പുരസ്കാരത്തിന് അർഹമായി. ദൃശ്യ കലാരൂപങ്ങളിൽ അഗസ്ത്യ സിദ്ധ മർമ്മ കളരി സംഘം അവതരിപ്പിച്ച കളരി ഒന്നാം സ്ഥാനവും കൊല്ലയിൽ ഹുസൈന്റെ അറബനമുട്ട് രണ്ടാം സ്ഥാനവും നേടി. ശ്രവ്യ കലാരൂപങ്ങളുടെ വിഭാഗത്തിൽ വിഗ്നേഷ് അവതരിപ്പിച്ച പഞ്ചാരിമേളത്തിനാണ് ഒന്നാം സ്ഥാനം. കൗരവ കലാസമിതിയുടെ ശിങ്കാരിമേളം ഈ വിഭാഗത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.


