കീവ്: യുക്രെയ്നിൽ റഷ്യ നടത്തിയ വ്യാപക മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഇന്ത്യൻ പൗരൻ ഉൾപ്പെടെ 12 പേർ കൊല്ലപ്പെട്ടതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി അറിയിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായും അദ്ദേഹം വ്യക്തമാക്കി. കീവിലും സമീപ പ്രദേശങ്ങളിലുമാണ് പ്രധാനമായും ആക്രമണമുണ്ടായത്.
ബാലിസ്റ്റിക് മിസൈലുകളും ജെറ്റ് എൻജിൻ ഘടിപ്പിച്ച ഡ്രോണുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് സെലെൻസ്കി പറഞ്ഞു. കീവിലെ റെയിൽവേ ഡിപ്പോയ്ക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. കീവിന് സമീപമുള്ള ബോറിസ്പിൽ നഗരത്തിൽ അഞ്ചുനില താമസക്കെട്ടിടത്തിനും വ്യാപാര സ്ഥാപനത്തിനും കേടുപാടുകൾ സംഭവിച്ചു. ഇവിടെ നാല് പേർ കൊല്ലപ്പെടുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യുക്രെയ്ൻ അധികൃതർ അറിയിച്ചു.
ഒഡേസ, ഖെർസൺ, ഡൊനെറ്റ്സ്ക്, സപൊറീഷ്യ, ഖാർകിവ്, ചെർണിഹിവ്, സുമി, ഡ്നിപ്രോ, ഷൈറ്റോമിർ തുടങ്ങിയ മേഖലകളിലും ആക്രമണം ഉണ്ടായതായി സെലെൻസ്കി അറിയിച്ചു. ഒഡേസയിലും പരിസരത്തും വൈദ്യുതി വിതരണത്തെ ആക്രമണം ബാധിച്ചതായി അദ്ദേഹം പറഞ്ഞു. റൊമാനിയയുമായുള്ള അതിർത്തിയിലെ ഒരു ക്രോസിങ് കേന്ദ്രത്തിനും കയറ്റുമതി അടിസ്ഥാനസൗകര്യങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുണ്ട്.
ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ പൗരന്റെ പേര് യുക്രെയ്ൻ പ്രസിഡന്റ് പുറത്തുവിട്ടിട്ടില്ല. എന്നാൽ കീവിലെ ഇന്ത്യൻ സമൂഹവുമായി ബന്ധപ്പെട്ട ചില വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തത് ഗുജറാത്ത് സ്വദേശിയായ 40കാരൻ സുദർശൻ ഭാഭിലാലാണ് കൊല്ലപ്പെട്ടതെന്നാണ്. ഈ വിവരത്തിന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. ആക്രമണത്തിൽ തെലങ്കാന സ്വദേശിയായ ഒരാൾക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
കീവ് മേഖലയിലെ രക്ഷാപ്രവർത്തനങ്ങൾക്കായി ഏകദേശം 350 രക്ഷാപ്രവർത്തകർ രംഗത്തുണ്ടെന്ന് സെലെൻസ്കി അറിയിച്ചു. തുടർച്ചയായ ആറാം ദിവസമാണ് കീവിലും സമീപ പ്രദേശങ്ങളിലും റഷ്യൻ വ്യോമാക്രമണം ഉണ്ടായത്.
ഇന്ത്യൻ പൗരന്റെ മരണത്തിൽ കീവിലെ ഇന്ത്യൻ എംബസി ദുഃഖം രേഖപ്പെടുത്തി. മരിച്ചയാളുടെ കുടുംബവുമായി എംബസി ബന്ധപ്പെടുന്നുണ്ടെന്നും ആവശ്യമായ സഹായം നൽകുന്നുണ്ടെന്നും ഇന്ത്യൻ അധികൃതർ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പുതിയ ആക്രമണം ഉണ്ടായത്.

