ടെഹ്‌റാൻ: ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം എണ്ണക്കപ്പലിന് നേരെ യുഎസ് മിസൈൽ ആക്രമണം നടത്തിയതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സെപ്റ്റംബർ 5-ന് നടന്ന സംഭവത്തിൽ നാല് മിസൈലുകൾ കപ്പലിൽ പതിച്ചതായാണ് ഇറാന്റെ അർധ ഔദ്യോഗിക മാധ്യമമായ തസ്‌നിം റിപ്പോർട്ട് ചെയ്തത്. ആക്രമണത്തിൽ ആളപായമുണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്.
ഖാർഗ് ദ്വീപിൽനിന്ന് ഏകദേശം ആറ് നോട്ടിക്കൽ മൈൽ അകലെയാണ് കപ്പലിന് നേരെ ആക്രമണമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. കപ്പലിലുണ്ടായിരുന്ന ജീവനക്കാരെ ഒഴിപ്പിച്ചതായും കപ്പലിന് ചെറിയ തോതിൽ കേടുപാടുകൾ സംഭവിച്ചതായും ഇറാനിയൻ മാധ്യമങ്ങൾ അറിയിച്ചു. എന്നാൽ ആക്രമണത്തിന്റെ ഉത്തരവാദിത്തം യുഎസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. യുഎസ് സെൻട്രൽ കമാൻഡിൽനിന്ന് ഉടൻ പ്രതികരണവും ലഭിച്ചിട്ടില്ല.
ഇറാന്റെ എണ്ണ കയറ്റുമതിയിൽ നിർണായക സ്ഥാനമാണ് ഖാർഗ് ദ്വീപിനുള്ളത്. ദ്വീപിന് സമീപം നടന്ന പുതിയ ആക്രമണം മേഖലയിലെ യുഎസ്–ഇറാൻ സംഘർഷം വീണ്ടും രൂക്ഷമാകുന്നതിനിടെയാണ്. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതവും എണ്ണവിതരണവും ഇതിനകം സംഘർഷത്തെ തുടർന്ന് വലിയ സമ്മർദത്തിലാണ്.
ഇതിന് പിന്നാലെ മേഖലയിൽ കൂടുതൽ സൈനിക നടപടികൾ ഉണ്ടാകുമോയെന്ന ആശങ്കയും ശക്തമായിട്ടുണ്ട്. ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് പുതിയ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

