പുലിമടയില്‍ സാക്ഷാല്‍ പുലി, ക്യാമ്പിലെ ഏമാന്‍മാര്‍ക്കു പേടിക്കാനൊരു കരണമായി

മലപ്പുറം: നിലമ്പൂരിലെ പോലീസ് ക്യാമ്പിലിറങ്ങിയ പുലി ക്യാമ്പിലുണ്ടായിരുന്ന ഏമാന്‍മാരെയൊക്കെ നിലയ്ക്കു നിര്‍ത്തി. നിലത്തു നിര്‍ത്തിയെന്നല്ല മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടേയിരിക്കുന്നു എന്നു പറയണം. ഇന്നലെ പുലര്‍ച്ചെ രണ്ടുമണിയോടടുത്താണ് പുലി ആ സമയത്തു ഡ്യൂട്ടിയിലായിരുന്ന പോലീസുദ്യോഗസ്ഥന്റെ ശ്രദ്ധയില്‍പ്പെട്ടത്. ക്ഷണിക്കാതെ കയറിവന്ന അതിഥിയെക്കണ്ടു ഭയന്ന പോലീസുകാരന്‍ ആകാശത്തേക്കു വെടിയുതിര്‍ത്തപ്പോള്‍ വിരണ്ട പുലി ക്യാമ്പില്‍നിന്നിറങ്ങി പിന്തിരിഞ്ഞോടിയതിനാല്‍ പോലീസുദ്യോഗസ്ഥന്‍ രക്ഷപെട്ടു. പുലിയിറങ്ങിയ വിവരം ഉടന്‍ തന്നെ പോലീസുകാര്‍ വനംവകുപ്പ് അധികൃതരെ അറിയിച്ചു.
ഉടന്‍തന്നെ സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പുലിയെ പിടികൂടി കാട്ടിലേയ്ക്കു തിരിച്ചയയ്ക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു. പ്‌ക്ഷേ, ഇതുവരെയും പുലിയെ കണ്ടുകിട്ടിയിട്ടില്ല എന്നിടത്താണ് കാര്യങ്ങള്‍ ഗുരുതരമാകുന്നത്. ക്യാമ്പിനു സമീപത്തെവിടെയൊ പുലി ഇപ്പോഴുമുണ്ടെന്ന ഭീതിയിലാണ് പോലീസുകാര്‍. ഇല്ലെന്നു തീര്‍തത്തു പറയാന്‍ വനംവകുപ്പുകാര്‍ക്കു പറ്റുന്നുമില്ല. ഏതായാലും എല്ലാവരും കൂടി പുലിയെ തിരഞ്ഞുകൊണ്ടിരിക്കുകയാണ്.
ക്യാമ്പിനു സമീപത്തായിത്തന്നെ പുലി കൊന്നുതിന്ന മുള്ളന്‍പന്നിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയും ചെയ്തു. ഈ പ്രദേശങ്ങളില്‍ പുലിയുടെ സാന്നിദ്ധ്യം കഴിഞ്ഞ കുറച്ചുദിവസങ്ങളായി റിപ്പോര്‍ട്ടുചെയ്യപ്പെടുന്ന സാഹചര്യത്തില്‍ നാട്ടുകാര്‍ ജാഗ്രതപാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.