വന്ദേമാതരം ആദ്യ രണ്ട് ചരണങ്ങൾ മാത്രം പാടിയാൽ മതി; ഔദ്യോഗിക പരിപാടികൾക്കായി പുതിയ മാർഗ്ഗനിർദ്ദേശവുമായി കർണാടക സർക്കാർ

ബംഗളൂരു: സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക പരിപാടികളിൽ ദേശീയ ഗീതമായ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിച്ചാൽ മതിയെന്ന് നിർദ്ദേശം നൽകി കർണാടക സർക്കാർ ഉത്തരവിറക്കി. എന്നാൽ രാഷ്ട്രപതി, പ്രധാനമന്ത്രി, ഗവർണർ എന്നിവർ പങ്കെടുക്കുന്ന ചടങ്ങുകളിലും കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക പരിപാടികളിലും വന്ദേമാതരത്തിന്റെ ആറ് ഖണ്ഡികകളും പൂർണ്ണമായി ആലാപനം ചെയ്യാമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. 1937-ൽ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി കൈക്കൊണ്ട തീരുമാനത്തിന് അനുസൃതമായാണ് സംസ്ഥാന സർക്കാർ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.

ദേശീയ ഗീതത്തിന്റെ മുഴുവൻ ഭാഗങ്ങളും ആലപിക്കണമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിരിക്കെയാണ് കർണാടക സർക്കാരിന്റെ ഈ പുതിയ ഉത്തരവ് പുറത്തുവന്നത്. വന്ദേമാതരത്തിന്റെ അവസാന ഭാഗങ്ങളിൽ ചില ദേവിമാരുടെ പരാമർശങ്ങൾ വരുന്നതിനാൽ അത് എല്ലാ വിഭാഗം ആളുകൾക്കും ഒരുപോലെ സ്വീകാര്യമാകില്ലെന്ന വാദമാണ് കോൺഗ്രസ് ഉന്നയിക്കുന്നത്. രാജ്യത്തിന്റെ വൈവിധ്യവും എല്ലാ സമുദായങ്ങളുടെയും വികാരങ്ങളും മാനിക്കപ്പെടണമെന്നും പാർട്ടി നിലപാടിനൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം കർണാടക സർക്കാരിന്റെ തീരുമാനത്തിനെതിരെ ബിജെപി കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇത് ദേശീയ ഗീതത്തോടുള്ള അനാദരവാണെന്നും പ്രീണന രാഷ്ട്രീയത്തിന്റെ ഭാഗമായാണ് കോൺഗ്രസ് ഇത്തരം തീരുമാനങ്ങൾ എടുക്കുന്നതെന്നും ബിജെപി നേതാക്കൾ ആരോപിച്ചു. ദേശീയ ഗീതത്തെ ചൊല്ലി കേന്ദ്രവും കർണാടക സർക്കാരും തമ്മിലുള്ള തർക്കം രാഷ്ട്രീയ തലത്തിൽ വൻ വിവാദങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *