‘തുറന്ന സമുദ്രപാതകളും ചർച്ചകളും അനിവാര്യം’; ഇറാൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി മോദി

ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ഇന്ത്യയിലെത്തിയ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉഭയകക്ഷി ചർച്ച നടത്തി. രണ്ടാഴ്ചയ്ക്കിടെ ഇരുനേതാക്കളും നടത്തുന്ന രണ്ടാമത്തെ കൂടിക്കാഴ്ചയാണിത്. പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വ്യാപാരം, പ്രാദേശിക സുരക്ഷ, സമുദ്രഗതാഗതം, ഊർജ വിതരണം തുടങ്ങിയ വിഷയങ്ങൾ ചർച്ചയായി.

സുരക്ഷിതവും തടസമില്ലാത്തതുമായ സമുദ്രപാതകൾ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ഇന്ത്യ ചർച്ചയിൽ ഉന്നയിച്ചു. കപ്പൽ ജീവനക്കാരുടെ സുരക്ഷയും ഊർജവിതരണം തടസപ്പെടാതിരിക്കലും പ്രധാനമാണെന്ന് ഇന്ത്യ വ്യക്തമാക്കി. പശ്ചിമേഷ്യയിലെ പ്രതിസന്ധികൾക്ക് സമാധാനപരമായ ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും പരിഹാരം കണ്ടെത്തേണ്ടതുണ്ടെന്നും മോദി നിലപാട് അറിയിച്ചു.

അതിനിടെ, ആഗോള വ്യാപാരത്തിൽ ഡോളറിനോടുള്ള ആശ്രിതത്വം കുറയ്ക്കണമെന്നും ബ്രിക്സ് രാജ്യങ്ങൾ പ്രാദേശിക കറൻസികളിൽ വ്യാപാരം പ്രോത്സാഹിപ്പിക്കണമെന്നും പെസഷ്കിയാൻ ആവശ്യപ്പെട്ടു. സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിലൂടെ ഉപരോധങ്ങൾ ഉൾപ്പെടെയുള്ള ബാഹ്യ സമ്മർദങ്ങളെ നേരിടാനുള്ള ശേഷി വർധിപ്പിക്കണമെന്ന നിലപാടും ഇറാൻ മുന്നോട്ടുവച്ചു.

ഇന്ത്യയും ഇറാനും തമ്മിലുള്ള പരമ്പരാഗത ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ബ്രിക്സ് വേദിയിലൂടെ സാമ്പത്തികവും പ്രാദേശികവുമായ സഹകരണം വർധിപ്പിക്കുന്നതിനുമുള്ള സാധ്യതകളും ഇരുനേതാക്കളും ചർച്ച ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *