മത്സരപരീക്ഷകളിൽ വിദ്യാർത്ഥികൾക്ക് അവസരസമത്വം ഉറപ്പാക്കും; മന്ത്രി എൻ. ഷംസുദ്ദീൻ; ‘മുകുളം’ എ.ഐ പോർട്ടൽ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: മത്സരപരീക്ഷകളിൽ പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് നിർമ്മിത ബുദ്ധിയുടെ (എ.ഐ) സൗകര്യം കൂടി പ്രയോജനപ്പെടുത്തി അവസരസമത്വം ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 100 ദിന കർമപദ്ധതിയുടെ ഭാഗമായി കൈറ്റിന്റെ ആഭിമുഖ്യത്തിൽ ആവിഷ്‌കരിച്ച ‘മുകുളം’ എ.ഐ അധിഷ്ഠിത പോർട്ടലിന്റെ സംസ്ഥാനതല ഉദ്ഘാടനം ജവഹർ സഹകരണ ഭവനിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹയർസെക്കൻഡറി മേഖലയെ മികവിന്റെ കേന്ദ്രമാക്കാൻ മുകുളം പോലെയുള്ള നവീന ആശയങ്ങൾ സഹായിക്കുമെന്നും ഇത്തരം പദ്ധതികൾ വിദ്യാലയങ്ങളിൽ ഫലപ്രദമായി നടപ്പാക്കണമെന്നും മന്ത്രി വ്യക്തമാക്കി.

നീറ്റ്, ജെ.ഇ.ഇ, സി.യു.ഇ.ടി, ഐ.ഐ.എസ്.ഇ.ആർ, കെ.വി.പി.വൈ തുടങ്ങിയ പ്രവേശന പരീക്ഷകൾക്കായി ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് സൗജന്യ എ.ഐ അധിഷ്ഠിത പരിശീലനം ലഭ്യമാക്കാനാണ് മുകുളം പോർട്ടൽ തയ്യാറാക്കിയിട്ടുള്ളത്. സാമ്പത്തിക പ്രയാസങ്ങൾ മൂലം സ്വകാര്യ കോച്ചിംഗ് സെന്ററുകളിൽ പരിശീലനം നേടാൻ കഴിയാത്ത സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് മികച്ച വിജയം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നേരത്തെ തിരഞ്ഞെടുത്ത 25 സ്‌കൂളുകളിൽ പൈലറ്റ് പ്രോജക്റ്റായി ഈ പദ്ധതി വിജയകരമായി നടപ്പാക്കിയിരുന്നു. തുടർന്ന് സയൻസ്, ഹ്യൂമാനിറ്റീസ്, കോമേഴ്‌സ് വിഭാഗങ്ങളിലെ പത്തോളം വിഷയങ്ങൾക്കുള്ള ഡിജിറ്റൽ പഠന സാമഗ്രികൾ എ.ഐ സങ്കേതങ്ങൾ ഉപയോഗിച്ച് പുതിയ കൈറ്റ് വെബ്സൈറ്റിൽ സജ്ജീകരിച്ചിട്ടുണ്ട്.

ചടങ്ങിൽ കൈറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വി.എച്ച്.എസ്.ഇ പ്രിൻസിപ്പാൾമാർക്കുള്ള ഏകദിന ശില്പശാലയും മന്ത്രി ഉദ്ഘാടനം ചെയ്തു. വി.എച്ച്.എസ്.ഇ തലത്തിലും കാലാനുസൃതമായ മാറ്റങ്ങൾ അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ തൊഴിൽ സാധ്യതകൾക്ക് മുൻഗണന നൽകി കൃഷി, വ്യവസായം തുടങ്ങിയ മേഖലകളെയും നിർമ്മിത ബുദ്ധി ഉൾപ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യകളെയും സംയോജിപ്പിച്ച് വി.എച്ച്.എസ്.ഇയെ പുനഃസംവിധാനം ചെയ്യും. ഇതിനായി പുതിയ കമ്മിറ്റി രൂപീകരിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നതായും അദ്ദേഹം അറിയിച്ചു. വ്യത്യസ്ത ഉത്തരവാദിത്വങ്ങൾ മികച്ച ഏകോപനത്തോടെ നിർവഹിക്കപ്പെടുമ്പോഴാണ് പൊതുവിദ്യാഭ്യാസ മേഖലയെ വിജയകരമായി മുന്നോട്ട് നയിക്കാൻ കഴിയുകയെന്നും മന്ത്രി ഓർമ്മിപ്പിച്ചു.

ഹയർ സെക്കൻഡറി സ്‌കൂളുകളിൽ ക്ലർക്ക്, പ്യൂൺ തസ്തികകളുടെ ആവശ്യകതയെ കുറിച്ച് വകുപ്പ് ഗൗരവമായി ആലോചിക്കുന്നുണ്ടെന്നും ഹയർസെക്കൻഡറിയിൽ കായികാധ്യാപകരുടെ അഭാവം പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഭിന്നശേഷി അധ്യാപക നിയമനം, കെ.ടെറ്റ് തുടങ്ങിയ വിഷയങ്ങളിൽ സർക്കാർ ഉചിതമായ ഇടപെടലുകൾ നടത്തിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *