സുവ: രാജ്യത്ത് എച്ച്.ഐ.വി ബാധിതരുടെ എണ്ണത്തിൽ അഭൂതപൂർവമായ വർധനവ് രേഖപ്പെടുത്തിയതിനെ തുടർന്ന് പസഫിക് ദ്വീപ് രാഷ്ട്രമായ ഫിജി ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഫിജിക്ക് പിന്തുണയുമായി ഇന്ത്യയും ഓസ്ട്രേലിയയും രംഗത്തെത്തിയിട്ടുണ്ട്.
2025-ൽ മാത്രം 2,016 പുതിയ എച്ച്.ഐ.വി കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. 2019-ൽ രേഖപ്പെടുത്തിയ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 16 ഇരട്ടിയാണ്. നിലവിലെ കണക്കുകൾ പ്രകാരം രാജ്യത്തെ മുതിർന്നവരിൽ 60-ൽ ഒരാൾ എന്ന തോതിൽ എച്ച്.ഐ.വി ബാധിതരായി മാറിയിട്ടുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. അഞ്ച് വർഷം മുൻപ് ഇത് 167-ൽ ഒരാൾ എന്ന നിരക്കിലായിരുന്നു. രോഗവ്യാപനം അതിവേഗം വർധിക്കുന്ന സാഹചര്യത്തിലാണ് രാജ്യത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ സർക്കാർ തീരുമാനിച്ചത്.

